ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികൾക്കെതിരെ കേസ് സമരം ഏറ്റെടുത്തു തദ്ദേശവാസികൾ

പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും കേസില്‍ പ്രതിയാണ്

0

ഡൽഹി :ദേശീയ പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും കേസില്‍ പ്രതിയാണ് ജാമിഅ വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍, ചന്ദന്‍ കുമാര്‍, കാസിം എന്നിവരെയാണ് ഡല്‍ഹി പൊലീസ് പ്രതി ചേര്‍ത്തത്. നേരത്തെ വിദ്യാർഥികൾക്കെതിരെ വ്യാപകമായി ഡല്‍ഹി പൊലീസ് എഫ്.ഐ.ആറുകളെടുക്കുന്നുവെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ജാമിഅ മില്ലിയയില്‍ സംഘര്‍ഷം ആരംഭിച്ചത്. സമാധാനമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് സംഘം ആക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ജാമിയ മില്ലിയയിലെ ലൈബ്രറിയിലടക്കം കയറി പൊലീസ് അക്രമം അഴിച്ച് വിട്ടിരുന്നു. ഡല്‍ഹി പൊലീസിന്‍റെ പ്രവൃത്തി ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്

അതേസമയം കുട്ടികൾ നടത്തിവന്ന സമരം തദ്ദേശവാസികൾ ഏറ്റെടുത്തതിനാൽ കഴിഞ്ഞ ദിവസങ്ങളേക്കാൾ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ദിനംപ്രതി പതിനായിരങ്ങളാണ് ജാമിഅ നഗറിലേക്ക് എത്തുന്നത്. 11 മണിയോടെയാണ് സമരം ആരംഭിക്കുന്നത്. ഇത്രയും ദിവസം വിദ്യാർഥികളായിരുന്നു മുമ്പിലെങ്കിൽ പൊലീസ് നടപടിക്ക് ശേഷം പ്രദേശവാസികൾ ഏറ്റെടുത്തിരിക്കുന്നു. ഹോസ്റ്റലുകൾ വിട്ട് വിദ്യാർഥികൾ സ്വദേശങ്ങളിലേക്ക് മടങ്ങിയതോടെയാണ് പ്രദേശവാസികൾ പിന്തുണയുമായി എത്തിയത്. ജെ.എന്‍.യു, ഡല്‍ഹി സർവകലാശാലകളിലെ വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.

You might also like

-