മിഷൻ ചക്കക്കൊമ്പൻ തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി

ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ തുടർച്ചയായ മൂന്നാം ദിവസവും നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിയോടെയാണ് മിഷൻ ആരംഭിച്ചത്

കൊച്ചി | മിഷൻ ചക്കക്കൊമ്പൻ തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഹർജിക്കാരൻ്റെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയമുണ്ടെന്നാണ് കോടതി അറിയിച്ചത്. കോട്ടയം സ്വദേശിയാണ് ഹർജി സമർപ്പിച്ചത്.  ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ദുഷ്കരമായ അവസ്ഥയിൽ തുടരുകയാണ്. തുരുത്തിലായിരുന്ന ചക്കക്കൊമ്പനോടൊപ്പം പിടിയാനയും കുട്ടിയാനയും ഉള്ളത് ദൗത്യം പ്രയാസകരമാക്കിയിരിക്കുകയാണ്.

യഥാർത്ഥ പൊതുതാൽപര്യത്തിനാണോ അതോ പ്രശസ്തിക്ക് വേണ്ടിയാണോ ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു.ഹർജിക്കാരന്റെ വിശ്വാസ്യത അത്യന്തം സംശയാസ്പദമാണെന്ന് വ്യക്തമാക്കിയ കോടതി, പത്ര-ദൃശ്യ മാധ്യമങ്ങളിൽ അൽപനേരത്തെ പ്രശസ്തി നേടുന്നതിനായി നടത്തിയ നീക്കമാണിതെന്നും നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ബെഞ്ചാണ് പ്രിൻസ് ചാക്കോ സമർപ്പിച്ച ഹർജി പരിഗണിച്ചത്. ആനയെ മയക്കുവെടി വെക്കുന്നതും പിടികൂടുന്നതും സ്ഥലം മാറ്റുന്നതും തടയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

കൂടാതെ ആനത്താരകളെയും ആവാസവ്യവസ്ഥയെയും കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും, റേഡിയോ കോളർ ഘടിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും, ചിന്നക്കനാലിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

അതേസമയം, ഇന്നും ചക്കക്കൊമ്പനെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞെങ്കിലും മയക്കുവെടി വയ്ക്കാനായില്ല. ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ തുടർച്ചയായ മൂന്നാം ദിവസവും നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിയോടെയാണ് മിഷൻ ആരംഭിച്ചത്.രണ്ട് ദിവസം മുൻപ് ആദ്യ മയക്കുവെടി വെച്ചെങ്കിലും കാട്ടാന പൂർണമായും മയങ്ങിയില്ല. ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത ചക്കക്കൊമ്പൻ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് ദൗത്യം ആരംഭിച്ചെങ്കിലും വൈകിട്ട് നാലുമണിയോടെയാണ് ചക്കക്കൊമ്പന് നേരെ ആദ്യ മയക്കുവെടി വെക്കാൻ സാധിച്ചത്. എന്നാൽ പുല്ലിൽ തട്ടിയതിനാൽ ആദ്യ ഡോസ് ഏറ്റില്ല. രണ്ടാമത്തെ ഡോസ് മയക്കുവെടി വെച്ചെങ്കിലും ഉന്നം പിഴച്ചതോടെ ചക്കക്കൊമ്പൻ കാടിനുള്ളിലേക്ക് കയറുകയായിരുന്നു

You might also like

-