ചക്കക്കൊമ്പൻ ദൗത്യം രണ്ടാം ദിവസവും ഫലം കണ്ടില്ല. ദൗത്യം നാളെയും തുടരും
അര മണിക്കൂർ ദൗത്യസംഘത്തിൻ്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നില്ല. മൂന്നരയോടെ ചെമ്പകത്തൊഴുകുടി ഭാഗത്തെ ഏലത്തോട്ടത്തിൽ വീണ്ടുമെത്തി. ജലാശയത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഈ സ്ഥലം മയക്കുവെടി വയ്ക്കാൻ ഏറെ അനുയോജ്യമായിരുന്നു. എന്നാൽ ഏലം ചെടികൾ മിഷന് ബുദ്ധിമുട്ടായി
ഇടുക്കി| ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും ഫലം കണ്ടില്ല. ആന, വൈകിട്ട് മൂന്നരയോടെ ദൗത്യസംഘത്തിന് തൊട്ടടുത്ത് എത്തിയെങ്കിലും, ഡാർട്ടിംഗിന് അനുകൂലമായ സാഹചര്യം ആയിരുന്നില്ല. ഏലക്കാട്ടിൽ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം 5 മണിയോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.ആന നിന്നത് ജനവാസ മേഖലയ്ക്ക് അടുത്തെന്നതും പ്രതിസന്ധിയായി. ദൗത്യം നാളെയും തുടരും.തുടർച്ചയായ രണ്ടാം ദിവസവും ദൗത്യസംഘത്തിന് പിടികൊടുക്കാതെ ചക്കക്കൊമ്പൻ. രാവിലെ 5 മണിയോടെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ആനെയെ ലൊക്കേറ്റ് ചെയ്തിരുന്നു. ആനയിറങ്കൽ ജലാശയത്തിന് തൊട്ടടുത്തുള്ള സ്ഥലമായതിനാൽ മയക്കുവെടി വയ്ക്കൽ നടന്നില്ല. ഉച്ചക്ക് 12 മണി വരെ ഇവിടെ തുടർന്ന ചക്കക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് ജലാശയം നീന്തി കടന്നു. പിന്നാലെ ദൗത്യസംഘവും. ഇതിനിടെ ആന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞു. 301ലെ അങ്കണവാടിക്ക് സമീപത്തുവെച്ച് ആന ചോലക്കുള്ളിലേക്ക് കടന്നു.
അര മണിക്കൂർ ദൗത്യസംഘത്തിൻ്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നില്ല. മൂന്നരയോടെ ചെമ്പകത്തൊഴുകുടി ഭാഗത്തെ ഏലത്തോട്ടത്തിൽ വീണ്ടുമെത്തി. ജലാശയത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഈ സ്ഥലം മയക്കുവെടി വയ്ക്കാൻ ഏറെ അനുയോജ്യമായിരുന്നു. എന്നാൽ ഏലം ചെടികൾ മിഷന് ബുദ്ധിമുട്ടായി. ചക്കകൊമ്പനെ പടക്കം പൊട്ടിച്ച് എങ്ങനെയും ഏലത്തോട്ടത്തിൽ നിന്ന് മാറ്റാനായി ശ്രമം. അഞ്ച് മണിയോടെ വെളിച്ചം പോയപ്പോൾ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.ആനയെ രാത്രിയും നിരീക്ഷിച്ചു കൊണ്ടിരിക്കും.പ്രധാന വിഹാര കേന്ദ്രങ്ങളിൽ പുല്ല് വളർന്നു നിൽക്കുന്നതും തടസ്സമാണ്. ദൗത്യം വെള്ളിയാഴ്ച പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു കഴിയാതെ വന്നാൽ ജനങ്ങളുടെ പ്രയാസങ്ങൾ കൂടി പരിഗണിച്ചായിരിക്കും തുടർ നീക്കമെന്നും അദ്ദേഹം അറിയിച്ചു.
മറ്റാനകളിൽ നിന്ന് വ്യത്യസ്തമായ സ്വഭാവമാണ് ചക്കക്കൊമ്പന്റേത്. പ്രദേശത്തെ ഏലക്കാടുകളിലൂടെണ് ആനയുടെ പ്രധാന സഞ്ചാരപാത. ഈ സഞ്ചാരപാതകളിലൂടെയാണ് രാത്രികാലങ്ങളിൽ ആന തീറ്റ തേടുന്നത്.
വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (ആർ.ആർ.ടി), എലിഫന്റ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.
മൂന്നാർ ഡി.എഫ്.ഒ സാജു വർഗീസിന്റെ നേതൃത്വത്തിലാണ് ദൗത്യം . നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ 24 അംഗ പ്രത്യേക സംഘവും ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. വിവിധ ഫോറസ്റ്റ് ഡിവിഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ദൗത്യത്തിൽ പങ്കാളികളായി.ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ പ്രവർത്തിച്ച ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വനം വകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഡി.കെ.
വിനോദ്കുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ ജോൺ മാത്യു,അസിസ്റ്റന്റ് കൺസർവേറ്റർമാരായ ജയചന്ദ്രൻ,
മുഹമ്മദ് റാഫി, മൂന്നാർ ഡി.എഫ്.ഒ. സാജു വർഗീസ്, ഡി.എഫ്.ഒ.(വിജിലൻസ്) എം. ജി. വിനോദ്കുമാർ എന്നിവർ സ്ഥലത്തെത്തി ദൗത്യത്തിന് നേതൃത്വം നൽകി.വനംവകുപ്പിനൊപ്പം പോലീസ്, റവന്യൂ, അഗ്നിരക്ഷാസേന,ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ദൗത്യം നടക്കുന്നത്