കാട്ടാനയായ ചക്കക്കൊമ്പനെ പിടികൂടാനുള്ള നടപടികളുടെ ഭാഗമായി ഇടുക്കി ചിന്നക്കനാലിൽ നിരോധനാജ്ഞ
ചക്കക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം സുരക്ഷിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
ഇടുക്കി | കാട്ടാനയായ ചക്കക്കൊമ്പനെ പിടികൂടാനുള്ള നടപടികളുടെ ഭാഗമായി ഇടുക്കി ചിന്നക്കനാലിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് വിനോദസഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രദേശത്ത് സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും വിലക്കുണ്ട്.ചക്കക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം സുരക്ഷിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദൗത്യത്തിനിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ. മിഷൻ ചക്കക്കൊമ്പന്റെ ഭാഗമായി പ്രദേശത്ത് കൂടുതൽ ജാഗ്രതാ നടപടികളും സ്വീകരിക്കും
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് വിനോദസഞ്ചാരത്തിനും സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും കർശന വിലക്കേർപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.മിഷൻ ചക്കക്കൊമ്പനായി രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തി. ചക്കകൊമ്പനെ പിടികൂടുന്ന ദൗത്യത്തിനു വേണ്ടിയുള്ള കുങ്കിയാനകൾ രാവിലെ എട്ടു മണിയോടെയാണ് ചിന്നക്കനാലിൽ എത്തിയത്. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് ചക്കകൊമ്പനെ മയക്കു വെടി വെക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നത്. ചക്കകൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം.
ചൊവ്വാഴ്ച കുങ്കിയാനകൾ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ ബുധനാഴ്ചചയോ വ്യാഴാഴ്‌ചയോ മയക്കുവെടി വെക്കും. ഇന്ന് പുലർച്ച ബി എൽ റാം ചുടുകാട് ഭാഗത്ത് ജനവാസ മേഖലയിൽ എത്തിയ ചക്കകൊമ്പൻ പ്രദേശത്തെ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പകൽ മുഴുവൻ ജനവാസ മേഖലയ്ക്ക് സമീപം ഉണ്ടായിരുന്നു . റേഡിയോ കോളർ ഘടിപ്പിച്ച് ആനയേ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. ഇതിന്റെ ഭാഗമായി സിപിഐ ചിന്നക്കനാലിൽ റോഡ് ഉപരോധിച്ചു.