നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1220 ആയി,നാലായിരത്തിലേറെ പേരെ കാണില്ല
ചിറ്റവാന്‍ ജില്ലയില്‍ നിന്ന് 348 മൃതദേഹങ്ങളും, നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 218-ഉം, നവല്‍പരാസി വെസ്റ്റില്‍ നിന്ന് 208-ഉം, നുവകോട്ടില്‍ നിന്ന് 155-ഉം മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തു.
കാഠ്മണ്ഡു| നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1220 ആയി. മലയാളികൾ ഉൾപ്പെടെ, നാലായിരത്തിലേറെ പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നേപ്പാളിൽ നിന്ന് 4216 പേരെയാണ് കാണാതായത്. ടിബറ്റ് മേഖലയിൽ നിന്ന് കാണാതായത് 546 പേരെയുമാണ്.ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായാണ് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച എട്ട് ജില്ലകളില്‍ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തിരിക്കുന്നത്.
നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ചിറ്റവാന്‍ ജില്ലയില്‍ നിന്ന് 348 മൃതദേഹങ്ങളും, നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 218-ഉം, നവല്‍പരാസി വെസ്റ്റില്‍ നിന്ന് 208-ഉം, നുവകോട്ടില്‍ നിന്ന് 155-ഉം മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തു. അതുപോലെ റാസുവയില്‍ നിന്ന് 127-ഉം ഗോര്‍ഖയില്‍ നിന്ന് 69-ഉം, ധാഡിംഗില്‍ നിന്ന് 60-ഉം, തനഹൂവില്‍ നിന്ന് 38-ഉം മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്.
ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം നേപ്പാളിൽ എത്തി. പ്രളയം നടന്ന് ഒരാഴ്ച പിന്നിട്ടതോടെ ലഭിക്കുന്ന മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. ചിലിമെയിലെ ഹൈഡ്രോപവർ ടണലുകളിൽ ഇന്ത്യൻ റെസ്ക്യൂ ടീം പ്രവേശിച്ചെങ്കിലും ഇടുങ്ങിയ സ്ഥലവും ചെളിനിറഞ്ഞ പ്രതലവും തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.16 ലക്ഷം പേരെ പ്രളയം ബാധിച്ചെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.നേപ്പാളിലെ ചില പ്രദേശങ്ങൾ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത അവസ്ഥയിലാണ്.എന്നാല്‍ പ്രളയമുണ്ടായി ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നത് പ്രതിസന്ധിയാണ്. അതിനാല്‍ തന്നെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിലും ആശങ്ക തുടരുകയാണ്. അതേസമയം മിന്നല്‍ പ്രളയം ബാധിച്ച ടിബറ്റ് മേഖലയില്‍ മരണസംഖ്യ 21 ആയി. 541 പേരെയാണ് ഇനിയും അവിടെ കണ്ടെത്താനുള്ളത്.