അളവിൽ കൂടുതൽ മദ്യം , റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം
മദ്യം കണ്ടെത്തിയ വീട് വായ്പ കുടിശ്ശിക കാരണം 'സർഫാസി' നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിറ്റതാണെന്ന് ആൻ്റോ കോടതിയിൽ വാദിച്ചു. വീടിന് ഇപ്പോൾ ഉടമസ്ഥാവകാശ ബന്ധമില്ലെന്നും അവിടെനിന്ന് മദ്യം പിടിച്ചതിന് താൻ ഉത്തരവാദിയല്ലെന്നുമായിരുന്നു വാദം
കൊച്ചി | അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.വെള്ളിയാഴ്ച്ച സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അന്ന് തന്നെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. അന്ന് ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗവും പ്രോസിക്യൂഷനും വാദങ്ങൾ നിരത്തിയെങ്കിലും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാവും. ഇന്ന് തന്നെ ഇദ്ദേഹം ജയിൽ മോചിതനാകുമെന്നാണ് കരുതുന്നത്.മദ്യം കണ്ടെത്തിയ വീട് വായ്പ കുടിശ്ശിക കാരണം ‘സർഫാസി’ നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിറ്റതാണെന്ന് ആൻ്റോ കോടതിയിൽ വാദിച്ചു. വീടിന് ഇപ്പോൾ ഉടമസ്ഥാവകാശ ബന്ധമില്ലെന്നും അവിടെനിന്ന് മദ്യം പിടിച്ചതിന് താൻ ഉത്തരവാദിയല്ലെന്നുമായിരുന്നു വാദം. രേഖകൾ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആൻ്റോയുടെ പേരിൽ എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വൈദ്യുതി, ജല ബില്ലുകൾ വരുന്നതും ആന്റോയുടെ പേരിലാണെന്നും അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂഷൻ കുറ്റപ്പെടുത്തി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെയും കൈവശാവകാശത്തെയും കുറിച്ച് തർക്കങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയായതിനാൽ ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് നിർദേശം നൽകിക്കൊണ്ടാണ് കോടതി ആൻ്റോയ്ക്ക് കേസിൽ ജാമ്യം അനുവദിച്ചത്.