എൽപിഎസ്ടി ഉദ്യോഗാർത്ഥിസമരം നിരാഹാരമിരിക്കുന്ന ഉദ്യോഗാർത്ഥി എം ജയകൃഷ്ണൻ തലമുണ്ഡനം ചെയ്ത് പ്രതിഷേധം ആരംഭിച്ചു

സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചർച്ചക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രി. എന്നാൽ തടസം നിന്നത് മുഖ്യമന്ത്രി കൈകാര്യം ചെയുന്ന ധനവകുപ്പാണെന്ന് ജയകൃഷ്ണൻ പറഞ്ഞു

തിരുവനന്തപുരം| സെക്രട്ടേറിയറ്റിന് മുന്നിൽ സംസ്ഥാനസർക്കാരിനെതിരെ സമരം കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ. നിരാഹാരമിരിക്കുന്ന ഉദ്യോഗാർത്ഥി എം ജയകൃഷ്ണൻ തലമുണ്ഡനം ചെയ്ത് പ്രതിഷേധം ആരംഭിച്ചു. എസ് വളർമതിയും സമരപന്തലിൽ ഉണ്ടായിരുന്നു. ജയകൃഷ്ണന്റെ നിരാഹാര സമരം പത്താം ദിവസം പിന്നിട്ടിരുന്നു. ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 138-ാം ദിവസത്തിലേക്ക് കടന്നു.മുഖ്യമന്ത്രി ഇന്നും കരയുമോ എന്നറിയില്ല, അദ്ദേഹത്തിന് കരച്ചിൽ വരാതിരിക്കട്ടെ, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ലെന്ന് എം ജയകൃഷ്ണൻ പറഞ്ഞു. സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചർച്ചക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രി. എന്നാൽ തടസം നിന്നത് മുഖ്യമന്ത്രി കൈകാര്യം ചെയുന്ന ധനവകുപ്പാണെന്ന് ജയകൃഷ്ണൻ പറഞ്ഞു. ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേവലം നാടകമാണ്. നിരാഹാരം ഇരിക്കുന്നവരോട് ഒരാഴ്ച സമയം ചോദിക്കുന്നത് നീതികേടാണെന്ന് ജയകൃഷ്ണൻ പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങളാൽ നിരാഹാരം സമരം അവസാനിപ്പിക്കുകയാണെന്ന് എം ജയകൃഷ്ണൻ അറിയിച്ചു. ജീവൻ രക്ഷിക്കാൻ സർക്കാരിനെ കൊണ്ട് ആകുന്നില്ലെന്നും ഇത് സമരത്തിന് പിന്നോട്ട് പോകുന്നു എന്നല്ല അർഥമെന്നും ജയകൃഷ്ണൻ വ്യക്തമാക്കി. ജീവനു വിലയില്ലാത്ത സർക്കാറിനു മുന്നിൽ എന്തിന് നിരാഹാരമിരിക്കുന്നുവെന്ന് ആളുകൾ ചോദിക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. ജയകൃഷ്ണൻ മാത്രമാണ് നിലവിൽ നിരാഹാരം അവസ്നിപ്പിച്ചത്. എസ്‌ വളർമതി നിരാഹാരം തുടരും.

അഞ്ചിൽ നാല് ആവശ്യങ്ങൾ അംഗീകരിച്ചതായാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ പൊതുജനങ്ങളെയും റാങ്ക് ലിസ്റ്റിലുള്ളവരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. അംഗീകരിച്ചതായി പറയുന്ന ആവശ്യങ്ങളിൽ എച്ച്.ടി.വി (HTV) തസ്തികകൾ നൽകുമെന്ന പ്രഖ്യാപനം കൊണ്ട് റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നും നിലവിൽ ഇവിടെ പി.എസ്.സി വഴി നിയമനം ലഭിച്ചവരും ഡിവിഷൻ ഫാൾ മൂലം പുറത്തുപോയ അധ്യാപകരുമാണ് ജോലി ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് തനിയെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. ആവശ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടുള്ള യാതൊരു എഴുതി നൽകിയ ഉറപ്പോ ഉത്തരവോ നൽകാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. മുമ്പ് ഒരു വനിത മുടി മുറിച്ചപ്പോൾ ദുഃഖത്തോടെ സംസാരിച്ച മുഖ്യമന്ത്രി, തങ്ങളെ തെരുവിൽ കൊലയ്ക്ക് കൊടുക്കുകയാണെന്നിം ജയകൃഷ്ണൻ കുറ്റപ്പെടുത്തി. അതേസമയം വളർമതി നിരാഹാര സമരം തുടരും.

You might also like

-