മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
ഏറ്റവും പുതിയ കണക്കനുസരിച്ച് മഴക്കെതിയില്‍ എട്ട് മരണങ്ങളാണ് സ്ഥിരീകരിച്ചത്. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരിക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
തിരുവനന്തപുരം| മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതിനായി സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കനുസരിച്ച് കേരളത്തിൽ മഴക്കെടുതിയും പ്രളയ ദുരിതവും രൂക്ഷമായി തുടരുന്നു. വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ്, കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസ്സുകാരൻ മാസിൻ, തിരുവനന്തപുരത്തു നിന്നും കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോൻ, ആന്റണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.209 ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാർപ്പിച്ചു
മഴക്കെടുതിയിൽ സംസ്ഥാനത്തുടനീളം 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. അതേസമയം, പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.