നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ എട്ടു പെൺകുട്ടികൾ കുടി പരാതി നൽകി

പെൺകുട്ടികളെ പൂട്ടിയിട്ട പാലക്കാട്ടെ ലോഡ്ജിൽ അന്വേഷണ സംഘം പരിശോധന നടത്തും.

0

കൊച്ചി :നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ പരാതിയുമായി കൂടുതൽ പേർ. ഇന്നലെ എട്ട് പെൺകുട്ടികൾ പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചു. പ്രതികൾക്ക് എതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ പൂട്ടിയിട്ട പാലക്കാട്ടെ ലോഡ്ജിൽ അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികളെ വിട്ടുകിട്ടാനായി പൊലീസ് സംഘം അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഘത്തിനെതിരെ മറ്റൊരു മോഡൽ ട്വന്റിഫോറിനോട് ആരോപണം ഉന്നയിച്ചിരുന്നു. ഷൂട്ടിന് വിളിച്ച് വരുത്തി കള്ള പണത്തിന് എസ്‌കോർട്ട് പോകാൻ പ്രേരിപ്പിച്ചുവെന്ന് മോഡൽ പറയുന്നു. എതിർത്തപ്പോൾ മുറിയിൽ പൂട്ടിയിട്ടുവെന്നും പണവും, സ്വർണവും തട്ടിയെടുത്തുവെന്നും മോഡൽ പറഞ്ഞു.ഷൂട്ടിംഗിനെന്ന പേരിലാണ് മോഡലിനെ വിളിച്ചുവരുത്തിയത്. എന്നാൽ മോഡൽ ഉൾപ്പെടെയുള്ള എട്ട് പെൺകുട്ടികളെ ഒരു മുറിയിൽ പൂട്ടിയിട്ടുകൊണ്ട് കള്ളപ്പണത്തിന് എസ്‌കോട്ട് പോകാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് മോഡൽ പറഞ്ഞു. പെൺവാണിഭവും, സ്വർണ കടത്തുമായിരുന്നു പ്രതികളുടെ പ്രധാന പരിപാടിയെന്ന് പരാതിക്കാരി പറഞ്ഞു. ഷംനാ കാസിമിന്റെ വാർത്ത പുറത്തുവരികയും പ്രതികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ കാണുകയും ചെയ്തതോടെയാണ് തന്നെ ആക്രമിച്ച സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് മോഡൽ തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.