കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് രാജ്യസഭ സീറ്റ് ഇല്ല. മന്ത്രിസഥാനം ഉടൻ ഒഴിഞ്ഞേക്കും
നിലവിലെ കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിയായി തുടരുന്നതിന് പാർലമെന്റ് അംഗത്വം അനിവാര്യമായിരിക്കെയാണ് കുര്യനെ മധ്യപ്രദേശിൽ നിന്നും വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്
ഡൽഹി | കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് നിരാശ. രാജ്യസഭ സീറ്റ് ജോർജ് കുര്യന് ലഭിച്ചില്ല. മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്കാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാൽ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ കുര്യന്‍റെ പേരില്ല. നിലവിലെ കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിയായി തുടരുന്നതിന് പാർലമെന്റ് അംഗത്വം അനിവാര്യമായിരിക്കെയാണ് കുര്യനെ മധ്യപ്രദേശിൽ നിന്നും വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ കുര്യന്‍റെ മന്ത്രി സ്ഥാനം നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. രാജ്യ സഭ തെരഞ്ഞെടുപ്പ് ജൂണ്‍ പതിനെട്ടിനാണ് നടക്കുക. പത്ത് സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലും, രണ്ടിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. 18 ന് തന്നെ ഫലം പ്രഖ്യാപിക്കും.
സുരേഷ് ഗോപി ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച രാജ്യസഭാ സീറ്റിലേയ്ക്കായിരുന്നു ജോർജ് കുര്യനെ ബിജെപി മത്സരിപ്പിച്ചത്. എതിരില്ലാതെയായിരുന്നു ജോജ് കുര്യൻ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രി ആയിരിക്കെയായിരുന്നു ജോർജ് കുര്യൻ രാജ്യസഭയിലേയ്ക്ക് മത്സരിച്ചത്. കേരളത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ എന്നിവരിൽ ആരെയെങ്കിലും മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ നിലവിൽ ബിജെപി പ്രഖ്യാപിച്ച രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ മലയാളികളാരും ഇടം പിടിച്ചിട്ടില്ല.
നാല് പതിറ്റാണ്ടിലേറെയായി ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് ജോർജ് കുര്യൻ. യുവമോർച്ച ദേശീയ വൈസ് പ്രസിഡൻറ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങൾ ജോർജ് കുര്യൻ വഹിച്ചിട്ടുണ്ട്. 1980 കളിൽ ബിജെപി രൂപീകരിച്ചപ്പോൾ മുതൽ പാർട്ടിയുടെ ഭാഗമാണ് ജോർജ് കുര്യൻ.