സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരും. എട്ട് ജില്ലകളിൽ റെഡ് അലർട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ഇതോടൊപ്പം ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ഇതോടൊപ്പം ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (04/08/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ടും; ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഇന്ന് (04/08/2026) വൈകുന്നേരം 03.00 നും 03.30 നും ഇടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 04.00 നും 04.30 നും ഇടയിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ (ഓഗസ്റ്റ് 5) തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ഓഗസ്റ്റ് 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ മഞ്ഞ അലർട്ടും നിലനിൽക്കും. ഓഗസ്റ്റ് 7-ന് സംസ്ഥാനത്തെ 14 ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. തുടർന്ന് ഓഗസ്റ്റ് 8-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. നദികളിൽ ഇറങ്ങുന്നതും രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.