ഡൽഹി ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു
മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 17 വിദേശികള്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. 37 ഓളം പേരെ രക്ഷപ്പെടുത്തി. നാല്‍പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഡൽഹി | ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 17 വിദേശികള്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. 37 ഓളം പേരെ രക്ഷപ്പെടുത്തി. നാല്‍പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. ഹോട്ടലിൽ നിരവധി പേർ ഉണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ആദ്യ ഘട്ടത്തിൽ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഇടുങ്ങിയ തെരുവിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ ദുഷ്കരമായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
ആളിക്കത്തുന്ന തീയിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടാനായി ചിലർ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി. പ്രാദേശികവാസികൾ നൽകുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലിൽ അപകടം നടക്കുമ്പോൾ നിരവധി താമസക്കാരുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഹോട്ടലിന്‍റെ താഴത്തെ നിലയിൽ ഒരു റെസ്റ്റോറന്‍റും പ്രവർത്തിക്കുന്നുണ്ട്. രാവിലെ 9.45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്
ബേസ്‌മെന്റ് ഉള്‍പ്പടെ അഞ്ച് നിലയുള്ള ഹോട്ടലില്‍ 25 മുറികള്‍ ഉണ്ടായിരുന്നു. വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ സംഭവം നടക്കുമ്പോള്‍ ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ 6 റൂമിന് മാത്രമാണ് ഹോട്ടലിന് അനുമതി ഉണ്ടായിരുന്നതെന്നാണ് വിവരം. ബേസ്‌മെന്റില്‍ ഉള്‍പ്പെട ചട്ടങ്ങള്‍ ലംഘിച്ച് ആളുകളെ താമസിപ്പിച്ചിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ ഇടുങ്ങിയ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാനായില്ല. തീയണക്കാനുള്ള സംവിധാനങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ഹോട്ടലിലേക്കുള്ള ഇടുങ്ങിയ വഴിയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.
“ഹോട്ടലിന് തീപിടിച്ച വിവരം ഞാൻ ഉടൻ തന്നെ അറിയിച്ചു. പുറത്തിറങ്ങി നോക്കുമ്പോൾ ഹോട്ടൽ മുഴുവൻ തീ വിഴുങ്ങുന്നതാണ് കണ്ടത്. എങ്ങനെയാണെന്ന് അറിയില്ല, ഞാൻ എങ്ങനെയൊക്കെയോ അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു”- ഒരു ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
അപകടത്തില്‍പ്പെട്ടവര്‍ക്ക് ഡല്‍ഹി സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി രേഖ ഗുപ്ത അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാട്ടയെന്നും ദുരന്തത്തിൽപ്പെട്ട എല്ലാവർക്കും ശക്തിയും ധൈര്യവും നൽകാനും ഞാൻ പ്രാർത്ഥിക്കുന്നുവെന്നും രേഖ ഗുപ്ത പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ഗുപ്ത പറഞ്ഞു.