മഴക്കെടുതി ,മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം,വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷിന് സംസ്ഥാനത്തിന്റെ ആദരം നല്‍കുമെന്നും രാജേഷിന്റെ പൂര്‍ത്തിയാകാത്ത ഭവനനിര്‍മ്മാണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 462 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന ക്യാമ്പുകള്‍.
തിരുവനന്തപുരം| സംസ്ഥാനത്തെ മഴക്കെടുതിയില്‍ വിവിധ മേഖലകളിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് അടിയന്തരമായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂർണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചെന്നും അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷിന് സംസ്ഥാനത്തിന്റെ ആദരം നല്‍കുമെന്നും രാജേഷിന്റെ പൂര്‍ത്തിയാകാത്ത
ഭവനനിര്‍മ്മാണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 462 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാന ക്യാമ്പുകള്‍. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും 11 പേര്‍ അപകടത്തില്‍പ്പെട്ടെന്നും 4 പേരെയാണ് കാണതായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് കാലവര്‍ഷ കെടുതിയില്‍ 67.44 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളക്കെട്ടില്‍ കഴിയുന്ന ദുരിത ബാധിതര്‍ക്ക് വീട് വാസയോഗ്യമാകുന്നത് വരെ വാടക നല്‍കുമെന്നും ദുരിതബാധിതരുടെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് 300 രൂപ വീതം ദിവസവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കൃഷി നാശം സംഭവിച്ചതിൽ നഷ്‌ടപരിഹാരം വർധിപ്പിച്ചു. 25 ശതമാനമാണ് വർധിപ്പിച്ചത്. തീരപ്രദേശത്ത് കടൽ ഭിത്തി നിർമ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരെ പ്രദേശങ്ങളിൽ കൂടുതൽ ജിയോ ബാഗും സ്ഥാപിക്കും. പുനർ ഗേഹം പദ്ധതി പുതുക്കും. അതിനായി തുക വർദ്ധിപ്പിക്കും. പുതിയ പദ്ധതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡാം മാനേജുമെൻ്റിനും ആധുനിക സംവിധാനം കൊണ്ടുവരുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് മാതൃകയായ ദുരന്തനിവാരണ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ പ്രവചനത്തിന് പുതിയ സംവിധാനം നടപ്പാക്കും. ഡാമിലെ മണ്ണും ചെളിയും നീക്കാനുള്ള പദ്ധതി തയാറാക്കും. റവന്യൂ ജലവിഭവ വകുപ്പുകൾക്ക് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകി. മഴ മാറിയാൽ ഉടൻ പ്രവർത്തി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു തീരപ്രദേശത്ത് കടല്‍ ഭിത്തിയും ജിയോ ബാഗും ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹരിച്ച് പുനര്‍ഗേഹം പദ്ധതി മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് മാതൃകയാകുന്ന വിധം അത്യാധുനിക കാലാവസ്ഥാ പ്രവചനം ഉറപ്പാക്കും. നദികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പുതിയ പദ്ധതി നടപ്പിലാക്കും. ഇതിനായി ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ വേമ്പനാട്ട് കായലിലെ മണ്ണും ചെളിയും നീക്കാന്‍ ഡ്രഡ്ജിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ പരിഹിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കേരളത്തിലേക്ക് ഡാം മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടുവരുമെന്നും അത്യാധുനികമായി കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.
മുതലപ്പൊഴി പ്രതിസന്ധിയിലും മുഖ്യമന്ത്രി പ്രതികരിച്ചു. മുതലപ്പൊഴിയില്‍ ദീര്‍ഘകാല നടപടിയുണ്ടാകുമെന്നും അടിയന്തരമായി തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനർജനി കേസിലെ ക്ലീന്‍ ചിറ്റില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ, ‘പുനര്‍ജനി മാതൃകാ പദ്ധതിയാണ്. പദ്ധതിയില്‍ അഭിമാനമുണ്ട്. പുനർജനിയിൽ എല്ലാ അന്വേഷണവും നടത്തിയത് പിണറായി സർക്കാരാണ്. അന്വേഷണ റിപ്പോർട്ടുകൾ നൽകിയതും എൽഡിഎഫ് സർക്കാരാണ്. ഞാൻ ആവശ്യപ്പെട്ടിട്ടാണ് മുൻ സർക്കാർ അന്വേഷണം നടത്തിയത്.’
അതേസമയം, ഹെലികോപ്റ്റര്‍ യാത്രയില്‍ കഴിഞ്ഞ ദിവസം പറഞ്ഞതില്‍ നിന്നും വിരുദ്ധ നിലപാടുമായാണ് മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയത്. കൊച്ചിയില്‍ പോയത് കൊണ്ടാണ് നിക്ഷേപകരെ കണ്ടതെന്നാണ് അദ്ദേഹം ഇന്ന് പറഞ്ഞത് എന്നാല്‍ കൊച്ചിയില്‍ പോയത് നിക്ഷേപകരെ കാണാന്‍ വേണ്ടിയാണ് എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. നിക്ഷേപകർ ആരെന്ന് വ്യക്തമാക്കാത്തതില്‍, ചില കൂടിക്കാഴ്ചകൾ രഹസ്യമാണെന്നും എന്നാൽ മാധ്യങ്ങൾ അത് വിവാദമാക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.