ആദ്യമായി എം എൽ എ ആയ ഒരാൾ മറ്റൊരു എം എൽ എയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് ജി സുധാകരൻ

നിയമസഭ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും

അമ്പലപ്പുഴ | തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എം എൽ എ റെജി ചെറിയാനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എം എ ൽ എ ജി സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവേയിലാണ് കുട്ടനാട്ടിലെ യു ഡി എഫ് എം എൽ എയായ റെജി ചെറിയാൻ അറിയിക്കാതെ സന്ദർശനം നടത്തിയത്. ഇതേക്കുറിച്ച് നിയമസഭ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും, ആദ്യമായി എം എൽ എ ആയ ഒരാൾ മറ്റൊരു എം എൽ എയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി സുധാകരൻ തുറന്നടിച്ചു. റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിനെ പരാമർശിച്ചും സുധാകരൻ കടുത്ത പരിഹാസം ഉന്നയിച്ചു. താൻ അവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണില്ലെന്നും, അവിടെ സ്ഥിരമായി വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാർ ആരൊക്കെയാണെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല അതിർത്തികളിലെ സന്ദർശനങ്ങളെ ചൊല്ലി ഭരണപക്ഷ എം എൽ എമാർ തമ്മിൽ പരസ്യമായി ഉടക്കിയത് ആലപ്പുഴയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

അതേസമയം അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. ജി സുധാകരന്‍ മന്ത്രി ആയിരുന്ന കാലത്താണ് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ കൊണ്ടുപോയതെന്ന് റെജി ചെറിയാന്‍ ആരോപിച്ചു. മണ്ണ് കൊണ്ടു പോയത് എങ്ങോട്ടാണെന്ന് ഭരിച്ചവര്‍ക്കാണ് അറിയാവുന്നതെന്നും താന്‍ അവിടെ പോയത് മണ്ണുവാരി കൊണ്ട് പോകാന്‍ അല്ലെന്നും റെജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘തോട്ടപ്പള്ളി പൊഴി തുറന്നു കിടക്കുകയാണോ എന്ന് അറിയാന്‍ ആണ് പോയത്. അതിനുള്ള അവകാശം കുട്ടനാട് എംഎല്‍എയ്ക്ക് ഉണ്ട്. നാലും അഞ്ചും പെന്‍ഷനും വാങ്ങി കറങ്ങി നടക്കുന്ന ആള് അല്ല ഞാന്‍. ഇവിടെ കള്ളുകുടിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ആ പാര്‍ട്ടിക്ക് അതിന്റെ പ്രയോജനം ഉണ്ടായിക്കാണും’, റെജി ചെറിയാന്‍ പറഞ്ഞു.

എംഎല്‍എമാരുടെ രാജാവാകാന്‍ ശ്രമിക്കേണ്ടെന്നും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കിയ പാര്‍ട്ടിയില്‍ നിന്നും വിട്ടു പോകുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജി സുധാകരന്‍ രാജാവ് ആണ് എന്നാണ് കരുതുന്നതെന്നും അദ്ദേഹം ഇപ്പോള്‍ യുഡിഎഫില്‍ ആണ് എന്നത് മനസ്സിലാക്കിയിട്ടില്ലെന്നും റെജി ചെറിയാന്‍ പറഞ്ഞു. തങ്ങളുടെയൊക്കെ വോട്ട് മേടിച്ചാണ് പുള്ളി ജയിച്ചതെന്നും വ്യക്തിപരമായി പറഞ്ഞാല്‍ അതിനപ്പുറം താന്‍ പറയുമെന്നും റെജി ചെറിയാന്‍ പറഞ്ഞു.

You might also like

-