റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡാനിഷ് സിദ്ദീഖി

0

റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ നടന്ന അക്രമണത്തിലാണ് ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് മരണപ്പെട്ടതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റായ സിദ്ദീഖി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണ്ഡഹാറിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ അഭ്യന്തര സുരക്ഷാ പ്രതിസന്ധികളെ കുറിച്ച് റിപ്പോർട്ട് ചെയ്തു വരികയായിരുന്നു.

അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡാനിഷ് സിദ്ദീഖി. ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഡാനിഷ് ജാമിഅയിൽ തന്നെ മാധ്യമപഠനത്തിന് ചേർന്നു. ടെലിവിഷൻ ന്യൂസ് കറസ്‌പോണ്ടന്റ് ആയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2010ൽ റോയിട്ടേഴ്‌സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേൺ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. 2016-17 മൊസൂൾ യുദ്ധം, 2015ലെ നേപ്പാൾ ഭൂകമ്പം, രോഹിൻഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡൽഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ നേർച്ചിത്രങ്ങൾ ഡാനിഷ് പുറംലോകത്തെത്തിച്ചു. 2018ലാണ് അദ്‌നാൻ ആബിദിക്കൊപ്പം പുലിസ്റ്റർ പുരസ്‌കാരത്തിന് അർഹനായത്. രോഹിൻഗ്യൻ അഭയാർത്ഥികളുടെ ജീവിതം പകർത്തിയതിനായിരുന്നു പുരസ്‌കാരം. ഡൽഹി കലാപത്തിനിടെ ഇദ്ദേഹം പകർത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്‌സ് തെരഞ്ഞെടുത്തിട്ടുണ്ട്. റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീം ഇന്ത്യയുടെ മേധാവിയാണ്. 38കാരനായ ഡാനിഷ് മുംബൈ സ്വദേശിയാണ്. ജാമിഅ വിദ്യാഭ്യാസ വിഭാഗം പ്രൊഫസറായിരുന്ന പ്രൊഫസർ അഖ്തർ സിദ്ദീഖിയാണ് പിതാവ്.

സമൂഹ മാധ്യങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ സിദ്ദിഖി നിരന്തരം പങ്കുവെച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് താലിബാൻ കൂടുതൽ പിടിമുറുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ദിഖിയുടെ മരണവാർത്ത പുറത്തുവരുന്നത്.
ജൂലൈ 13 നാണ് സിദ്ദീഖി അവസാനമായി ട്വിറ്ററിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

You might also like

-