സംസ്ഥാനത്തെ ആദ്യ വനിത ഡിജിപിയായി ആര്‍ ശ്രീലേഖ ഐപിഎസ് ചുതമലയേറ്റു

ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗം മേധാവിയായാണ് നിയമനം.

0

 

സംസ്ഥാനത്തെ ആദ്യ വനിത ഡിജിപിയായി ആര്‍ ശ്രീലേഖ ഐപിഎസ് ചുതമലയേറ്റു. ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗം മേധാവിയായാണ് നിയമനം.

സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. ഇപ്പോള്‍ ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്രവും ശ്രീലേഖക്ക് സ്വന്തം. എ‍ഡിജിപി റാങ്കില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ചുമതല വഹിച്ചിരുന്ന ശ്രീലേഖയെ കഴിഞ്ഞ ദിവസമാണ് ഡിജിപി പദവിയിലേക്ക് ഉയര്‍ത്തുകയും ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍ ജനറലായി നിയമിക്കുകയും ചെയ്തത്.

ഇന്ന് 12 മണിയോടെ തിരുവനന്തപുരം ചെങ്കല്‍ചൂളയില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ആസ്ഥാനത്ത് എത്തിയ ശ്രീലേഖയെ സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. വിരമിക്കുന്ന ഡിജിപി എ ഹേമചന്ദ്രന്‍ ശ്രീലേഖക്ക് പദവി കൈമാറി. കാലവര്‍ഷം എത്തിനില്‍ക്കെ പ്രളയം പോലെ വലിയ വെല്ലുവിളികളാണ് ശ്രീലേഖയെ കാത്തിരിക്കുന്നത്.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ വയനാട്, തൃശൂര്‍, പത്തനംതിട്ട ജില്ല പൊലീസ് മേധാവി, ക്രൈംബ്രാഞ്ച് ഐജി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി പദവികളില്‍ സേവനമനുഷ്ടിച്ചു, റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിയായും പ്രവര്‍ത്തിച്ചു.