മൈക്രോഗ്രീൻ കൃഷിയുമായി സി.പി.ഐ(എം)

7 മുതൽ 10 ദിവസം കൊണ്ട് വിളവെടുക്കാവുന്ന പോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻ പാർട്ടി ലോക്കൽ കമ്മറ്റി ഓഫീസ് ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിൽ ആണ് കൃഷി ചെയ്യുന്നത്

0

കോന്നി: പച്ചക്കറികളിലെ പുതിയ താരമായ മൈക്രോഗ്രീൻ കൃഷി ചെയ്ത് സി.പി.എം കോന്നിത്താഴം ലോക്കൽ കമ്മറ്റി.7 മുതൽ 10 ദിവസം കൊണ്ട് വിളവെടുക്കാവുന്ന പോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻ പാർട്ടി ലോക്കൽ കമ്മറ്റി ഓഫീസ് ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിൽ ആണ് കൃഷി ചെയ്യുന്നത്.പ്രദേശത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ അടക്കം അഞ്ഞൂറോളം കുടുംബങ്ങൾക്ക് നൽകാൻ കഴിയുന്ന തരത്തിലാണ് മൈക്രോഗ്രീൻ കൃഷി ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും പയർ,കടല,ഉലുവ എന്നീ വിത്തിനങ്ങളാണ് ആദ്യ ഘട്ടത്തിൽ കൃഷി ചെയ്തിരിക്കുന്നത്. വൈറ്റമിനുകളാൽ സമ്പുഷ്ടമായ മൈക്രോ ഗ്രീനുകൾ ഹൃദയാരോഗ്യത്തിനും രോഗ പ്രതിരോധ ശേഷിയ്ക്കും ഉത്തമമാണ്.
താരതമ്യേന ചിലവു കുറഞ്ഞതും, ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായതുമാണ് മൈക്രോഗ്രീൻ കൃഷി രീതി.വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഈ കൃഷി നമ്മുടെ നാട്ടിൽ അത്ര വ്യാപകമായിട്ടില്ല.
അതുകൊണ്ട് തന്നെ ഇവയുടെ ഗുണങ്ങളും,കൃഷി രീതിയും ബോധ്യപ്പെടുത്തുന്ന ലഘു ലേഖകളും വീടുകളിൽ വിതരണം ചെയ്യും.സാലഡ്,ജ്യൂസ്‌ തുടങ്ങിയവയ്ക്കും വിവിധ ഇനം പച്ചക്കറി വിഭവങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ടെങ്കിലും കേരളത്തിൽ പൊതുവെ ഇലത്തോരനായാണ് മൈക്രോ ഗ്രീൻ ഉപയോഗിക്കുന്നത്.ഇത് പച്ചയ്ക്ക് കഴിയ്ക്കാനും അത്യുത്തമമാണ്.100 മുതൽ 200 ഗ്രാം വിത്തുപയോഗിച്ച് സാധാരണ കുടുംബത്തിന് ഒരു ദിവസത്തേക്കുള്ള മൈക്രോ ഗ്രീൻ തയ്യാറാക്കാൻ സാധിക്കും. നിത്യോപയോഗ ധാന്യങ്ങൾ കൂടുതൽ പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുന്നതിനും എന്നാൽ അവയുടെ ഉപയോഗത്തിലുള്ള അളവ് കുറയ്ക്കുന്നതിനും ഈ കൃഷി രീതി ഗുണകരമാണ്. യാതൊരു വിധ കീടനാശിനികളോ വളങ്ങളോ ഉപയോഗിക്കാത്തതിനാൽ ഇവ ഏറെ സുരക്ഷിതമാണ്.
ആദ്യ വിളവെടുപ്പും വിതരണ ഉദ്ഘാടനവും മെയ്‌ 31ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നിർവഹിക്കുമെന്നും, മൈക്രോ ഗ്രീൻ കൃഷിരീതി കൂടുതൽ ജനകീയമാക്കുന്നതിന് കൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും ലോക്കൽ കമ്മറ്റി സെക്രട്ടറി ജിജോ മോഡി അറിയിച്ചു.