അറബിക്കടലില്‍ ന്യൂനമർദ്ദം; ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ നിസർഗ എന്ന പേരിലാകും അറിയപ്പെടുക. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും ഏഴു ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

0

തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ നിസർഗ എന്ന പേരിലാകും അറിയപ്പെടുക. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും ഏഴു ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കു കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി ഇരട്ട ന്യൂനമർദം രൂപപ്പെട്ടതായാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഈ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദവും പിന്നീടുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റുമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ നിസർഗ്ഗയെന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. ബംഗ്ലാദേശ് നിർദേശിച്ച പേരാണിത്. മഹാരാഷ്ട്ര-ഗുജറാത്ത്‌ തീരങ്ങളെ ലക്ഷ്യമാക്കിയാകും ചുഴലിക്കാറ്റ് സഞ്ചരിക്കുകയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണക്കു കൂട്ടുന്നു.

ന്യൂനമർദം രൂപപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങി 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് പൂർണ്ണ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കാലവർഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘങ്ങള്‍ ഉടൻ കേരളത്തിലെത്തും.