സംസ്ഥാനത്ത് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

0

തിരുവനന്തപുരം: സംസ്ഥാനത്ത്  മിക്ക ജില്ലകളിലും കനത്തമഴ തുടരുകയാണ് . ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിൽ രാത്രിയിലും മഴ തുടർന്നു. രണ്ടിടത്ത് ഉരുൾ പൊട്ടി. ആളപായമില്ല. അൻപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പുലർച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയിൽ പത്തനംതിട്ടയിൽ ഒറ്റപ്പെട്ട മഴ തുടർന്നു. ഇന്ന് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാർ ഡാം തുറന്നു. വെളുപ്പിന് 2.30 മുതൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

മലപ്പുറം ജില്ലയിൽ രാത്രിയിൽ കാര്യമായ മഴ ഉണ്ടായില്ല. പുലർച്ചെ കാലാവസ്ഥ ശാന്തമാണ്. വയനാട്ടിൽ കനത്ത മഴയ്ക്ക് ശമനം. ജില്ലയിൽ എവിടെയും ഇപ്പോൾ മഴയില്ല. വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി, ചീരാൽ എന്നിവിടങ്ങളിൽ നിന്ന് വെളളം ഇറങ്ങി. കോഴിക്കോട് നഗര മേഖലകളിൽ ഇന്നലെ മുതൽ മഴയില്ല. എന്നാൽ മലയോര മേഖലകളിൽ നല്ല മഴ തുടരുന്നു.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ അടക്കം പുലർച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോൾ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലത്തെ മഴയിൽ തീ കോയിൽ മണ്ണിടിച്ചിലുണ്ടായി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് പുലർച്ചയോടെ മഴ കുറഞ്ഞു. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ രാത്രിയിൽ മഴ പെയ്തു. തൃശ്ശൂരില്‍ രാത്രിയിൽ മഴ പെയ്തെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. ജലനിരപ്പ് ഏഴു മീറ്റർ കടന്നാൽ മാത്രമാണ് ചാലക്കുടിപ്പുഴയിൽ അപകട മുന്നറിയിപ്പ് നൽകുക. എന്നാൽ ഇപ്പോൾ മൂന്നര മീറ്റർ മാത്രമാണ് ജലനിരപ്പ്.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ജില്ലാ കലക്ടർ ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് നൽകി. കുമാരനെല്ലൂർ, കൊടിയത്തൂർ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളെന്നാണ് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിലയിരുത്തിയത്. അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. കുമാരനെല്ലൂർ വില്ലേജിൽ പൈക്കാടൻ മല, കൊളക്കാടൻ മല, ഊരാളിക്കുന്ന്, മൈസൂർമല പ്രദേശങ്ങള്‍ ദുരന്ത സാധ്യതാ മേഖലയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ ഇവിടത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി തേക്കുംകുറ്റി സ്കൂൾ, തോട്ടക്കാട് ഐഎച്ച്ആർഡി കോളജ് എന്നീ സ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

-

You might also like

-