പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ

പൗരത്വ (ഭേദഗതി) ചട്ടങ്ങൾ, 2024 എന്ന് വിളിക്കപ്പെടുന്ന ഈ നിയമങ്ങൾ, CAA-2019 പ്രകാരം യോഗ്യരായ വ്യക്തികളെ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതിന് അപേക്ഷിക്കാൻ പ്രാപ്തരാക്കുമെന്നും അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കണം,

0

ഡൽഹി | പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.രാജ്യത്ത് കനത്ത പ്രക്ഷോഭങ്ങൾക്ക് കാരണമായ പൗരത്വ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ വിഷയത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും. അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ വന്നുതുടങ്ങി.

കൊവിഡ് കാരണമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങൾ വൈകിയതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. മൂന്ന് രാജ്യങ്ങളിൽ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് നിയമമെന്നും അഭയാർത്ഥികൾക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങൾ നീങ്ങുമെന്നും സര്‍ക്കാര്‍ പറയുന്നു. വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകും. മതപരമായതും സാമൂഹികമായതുമായ അവകാശങ്ങൾ നിലനിർത്തും. ഇന്ത്യാക്കാർക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിൻ്റെ പരിധിയിൽ വരുന്ന അപേക്ഷകൾ പരിഗണിക്കാൻ എംപവർഡ് സമിതികൾ രൂപീകരിക്കും. ജില്ലാതലത്തിലുള്ള സമിതികൾ മുഖേന ആണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൻ നൽകുന്ന രേഖകൾ പരിശോധിക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥൻ ഉണ്ടാകും. പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇന്ത്യൻ വംശജർ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്തവർ, ഇന്ത്യൻ പൗരന്റെ പ്രായപൂർത്തിയാകാത്ത മക്കൾ, അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ തുടങ്ങിയവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. 39 പേജുള്ള ചട്ടങ്ങൾ ആണ് വിജ്ഞാപനം ചെയ്തത്. അപേക്ഷയുടെ മാതൃക, സത്യവാചകത്തിന്റെ മാതൃക എന്നിവയും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൗരത്വ (ഭേദഗതി) ചട്ടങ്ങൾ, 2024 എന്ന് വിളിക്കപ്പെടുന്ന ഈ നിയമങ്ങൾ, CAA-2019 പ്രകാരം യോഗ്യരായ വ്യക്തികളെ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതിന് അപേക്ഷിക്കാൻ പ്രാപ്തരാക്കുമെന്നും അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കണം, അതിനായി വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.പൗരത്വത്തിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, ജൈനന്മാര്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. അവസാന ഒരു വര്‍ഷമോ കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമോ ഇന്ത്യയില്‍ താമസിച്ചിരുന്ന കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. നേരത്തെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള കാലയളവ് 11 വര്‍ഷമായിരുന്നു. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അസമിലെ കര്‍ബി ആംഗ്ലോങ്, മേഘാലയയിലെ ഗാരോ ഹില്‍സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി മേഖലകള്‍ എന്നിവയുള്‍പ്പെടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെയാണ് നിയമത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് വിവേചനപരമായി മാറിയേക്കാം എന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഡല്‍ഹിലെ ഷഹീന്‍ബാദിലും അസമിലെ ഗുവഹാത്തിയിലും വലിയ സമരങ്ങള്‍ നടന്നിരുന്നു. പൗരത്വനിയമം പാസാക്കി നാല് വര്‍ഷത്തിലേറെയായെങ്കിലും ചട്ടങ്ങള്‍ തയ്യാറാക്കാതിരുന്നതിനാല്‍ നിയമം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.

You might also like

-