കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

മകൻ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

0

കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് കൊല്ലപ്പെട്ടത്. മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.

കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം അയല്‍വാസികള്‍ അറിഞ്ഞത് ജിതിന്‍ ബാബുവിന്റെ ഫോണ്‍വിളിയിലൂടെയാണ്. കൊലപാതകത്തെ തുടര്‍ന്ന് ജിതിന്‍ ബാബു സമീപത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു.

കുറേക്കാലമായി വിദേശത്തായിരുന്നു ജിതിന്‍. വീട്ട് ചെലവിനെ ചൊല്ലി അമ്മയും മകനും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കൊലപാതകം നടക്കുമ്പോള്‍ പ്രതി മദ്യപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജിതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.