കെ സുധാകരനെ കെപിസിസി അധ്യക്ഷനായേക്കും

ഇതിന്റെ ഭാഗമായി കെ. സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അധ്യക്ഷ സ്ഥാനം താൽക്കാലികമാണെങ്കിൽ താല്‍പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്.

0

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏല്‍പിക്കാന്‍ സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെ സുധാകരനെ ചുമതല ഏൽപ്പിക്കാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കെ. സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അധ്യക്ഷ സ്ഥാനം താൽക്കാലികമാണെങ്കിൽ താല്‍പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പാർട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ സുധാകരന് കഴിയുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് രൂപീകരിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി അംഗമാണ് കെ സുധാകരൻ. ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെസി വേണുഗോപാൽ, താരിഖ് അൻവർ, കെ മുരളീധരൻ, ശശി തരൂർ, വിഎം സുധീരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയപ്പോള്‍ കെ സുധാകരനെയും വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് സുധാകരന് എത്താന്‍ കഴിഞ്ഞില്ല.

കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ സുധാകരൻ പ്രതികരിച്ചു. ഇക്കാര്യം എഐസിസി നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള മുതിർന്ന നേതാക്കളും മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നില്ല. മുല്ലപ്പള്ളിക്ക് കോഴിക്കോടോ വയനാടോ ഒരു സീറ്റിൽ മത്സരിക്കാനാണ് താത്പര്യം. ഇതിൽ തന്നെ വയനാട് ജില്ലയിലെ കൽപ്പറ്റ സീറ്റിൽ മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് കൂടുതൽ താത്പര്യം. എന്നാൽ മുസ്ലിം ലീഗും കൽപ്പറ്റ സീറ്റിൽ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.

You might also like

-