ഫിലിപ്പീൻസിൽ വൻ ഭൂചലനം: 32 മരണം, 200-ലേറെ പേർക്ക് പരിക്ക്; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ഭൂചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. പ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ ജൊല്ലിബി റസ്റ്റോറന്റും ചില സ്കൂൾ കെട്ടിടങ്ങളും തകർന്നതായി റിപ്പോർട്ടുകളുണ്ട്. നിരവധി പ്രദേശങ്ങളിൽ വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും തടസപ്പെട്ടു.
മനില, | ഫിലിപ്പീൻസിന്റെ തെക്കൻ മിൻഡനാവോ ദ്വീപിലെ ജനറൽ സാന്റോസ് സിറ്റിക്ക് സമീപം തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കുറഞ്ഞത് 32 പേർ കൊല്ലപ്പെടുകയും 200-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏകദേശം 10 മുതൽ 33 കിലോമീറ്റർ വരെ ആഴത്തിലായിരുന്നു ഉണ്ടായത്.
ഭൂചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. പ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ ജൊല്ലിബി റസ്റ്റോറന്റും ചില സ്കൂൾ കെട്ടിടങ്ങളും തകർന്നതായി റിപ്പോർട്ടുകളുണ്ട്. നിരവധി പ്രദേശങ്ങളിൽ വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും തടസപ്പെട്ടു.
ഭൂചലനത്തെ തുടർന്ന് കടലിൽ ഏകദേശം ഒരു മീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ രൂപപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കുശേഷം അടിയന്തര ഭീഷണി കുറഞ്ഞതോടെ ഭൂരിഭാഗം മുന്നറിയിപ്പുകളും പിൻവലിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയ ഫിലിപ്പീൻസ് സർക്കാർ സൈന്യത്തെയും ദുരന്തനിവാരണ സേനയെയും വ്യാപകമായി വിന്യസിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്.
ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അടിയന്തര യോഗം ചേർന്ന് ബാധിത മേഖലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും താൽക്കാലിക അവധി പ്രഖ്യാപിച്ചു. ദുരിതബാധിതർക്കായി ഭക്ഷണം, മരുന്ന്, കുടിവെള്ളം, താൽക്കാലിക താമസസൗകര്യം എന്നിവ ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
ഭൂചലനത്തിന്റെ ആഘാതം ദക്ഷിണ മിൻഡനാവോയിലെ വിവിധ മേഖലകളിൽ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി