സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ,ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

തെക്ക് കിഴക്കന്‍ ബംഗാള്‍ക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി മഴയെ സ്വാധീനിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റും മഴയുടെ ശക്തി വര്‍ധിപ്പിക്കും

തിരുവനന്തപുരം| സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തൃശ്ശൂരിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്. മറ്റന്നാളോടെ മഴയുടെ ശക്തി കുറയും. പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് അവധി നൽകിയിരിക്കുന്നത്.മഴ മാറിയെങ്കിലും കുട്ടനാട്ടില്‍ വെള്ളക്കെട്ട് ദുരിതമൊഴിയുന്നില്ല. കുട്ടനാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഗ്രാമീണ റോഡുകളും വെള്ളത്തിലായതോടെ ട്രാക്ടറുകളിലും ചെറുതോണികളിലും ആണ് ആളുകളുടെ യാത്ര. വെള്ളക്കെട്ടിനെ തുടർന്ന് എസി റോഡിലെ ഗതാഗതം ഭാഗികമായി നിലച്ചിരുന്നു.
തെക്ക് കിഴക്കന്‍ ബംഗാള്‍ക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി മഴയെ സ്വാധീനിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റും മഴയുടെ ശക്തി വര്‍ധിപ്പിക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെ ഉച്ചവരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മഴയോടൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതീവ ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട, എറണാകുളം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കള്ളക്കടൽ ജാഗ്രത നിർദേശം- പുതുക്കിയത്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (07/08/2026) രാവിലെ 11.30 വരെയും; ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് (07/08/2026) വൈകുന്നേരം 05.30 വരെയും 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

You might also like

-