മെസ്സിയുടെ പേരിൽ തട്ടിപ്പ് വ്യാപക പരിശോധനയുമായി എസ്ഐടി

വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്‍റോ അഗസ്റ്റിൻ എന്നിവരെ പ്രതി ചേര്‍ത്തു.

കൊച്ചി| മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്. ആന്റോ അ​ഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്‍റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.

അഞ്ച് വാഹനങ്ങളിലായിട്ടാണ് പൊലീസ് സംഘം എത്തിയത്. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എസ്ഐടി കേസെടുത്തിട്ടുണ്ട്. കളമശ്ശേരി സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്‍റോ അഗസ്റ്റിൻ എന്നിവരെ പ്രതി ചേര്‍ത്തു.

പ്രധാന ന്യൂസ് ഡെസ്‌കും സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്ന കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്താണ് വ്യാപക പരിശോധന നടക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ അടക്കം കണ്ടെത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തട്ടിപ്പ് നടത്താന്‍ മുന്‍ സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നുള്‍പ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. എല്ലാ വിധ രേഖകളും കൈയിലുണ്ടെന്നും കരാറുകള്‍ സുതാര്യമായിരുന്നുവെന്നുമാണ് സ്‌പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ക്ക് ബലം നല്‍കുന്ന രേഖകള്‍ ഇവര്‍ക്ക് കാണിക്കാനും അന്വേഷണ സംഘത്തെ ഇത് ബോധ്യപ്പെടുത്താനും കഴിയുമോ എന്നതാണ് നിര്‍ണായക ചോദ്യം.

You might also like

-