സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ !നാല് ജില്ലകളിൽ റെഡ് അലർട്ട്
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പത്തനംതിട്ട കോട്ടയം ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം | സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അതി തീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പശ്ചിമബംഗാളിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. കേരളതീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകി.
മഴ മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതത് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ മാറിയെങ്കിലും കുട്ടനാട്ടില്‍ വെള്ളക്കെട്ട് ദുരിതമൊഴിയുന്നില്ല. കുട്ടനാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഗ്രാമീണ റോഡുകളും വെള്ളത്തിലായതോടെ ട്രാക്ടറുകളിലും ചെറുതോണികളിലും ആണ് ആളുകളുടെ യാത്ര. വെള്ളക്കെട്ടിനെ തുടർന്ന് എസി റോഡിലെ ഗതാഗതം ഭാഗികമായി നിലച്ചിരുന്നു.