വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. “തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ മെല്ലെപോക്കാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം| മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്ത്. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ മെല്ലെപോക്കാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും മുന്നറിയിപ്പ് നൽകി.
തെരച്ചിലിന് ആധുനിക ഉപകരണങ്ങളെയും വിദഗ്ധരെയും അടിയന്തിരമായി എത്തിക്കണം. രക്ഷാപ്രവര്‍ത്തനങ്ങളിൽ കടലിനെ അറിയുന്ന മത്സ്യത്തൊഴിലാളികളുടെ സേവനം ഉപയോഗിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
അതേസമയം തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കാതെ പത്രക്കുറിപ്പ് പുറത്തിറക്കി ഫിഷറീസ് മന്ത്രി. നാളിതുവരെ തിരച്ചിലനായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സംസ്ഥാന മത്സ്യ വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു എന്നാണ് പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുതലപ്പൊഴിയിലും ഡെപ്യൂട്ടി ഡയറക്ടര്‍ വിഴിഞ്ഞത്തും ക്യാമ്പ് ചെയ്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്നും കടല്‍ പ്രക്ഷുബ്ദമായതാണ് കണാതായവരെ കണ്ടെത്താന്‍ കഴിയാത്തതിന്റെ കാരണമെന്നുമാണ് വിശദീകരണം. കപ്പലും ഡോണിയര്‍ വിമാനവും മറൈന്‍ പൊലീസിന്റെ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഉപയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടുണ്ട്. ലഭ്യമായ സാങ്കേതിക സംവിധാനങ്ങളും മനുഷ്യവിഭവ ശേഷിയും ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തുകയും എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.