കൊച്ചിയിൽ സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിപ്പിച്ചും 6 ലക്ഷത്തിലേറെ രൂപയും സ്വർണ്ണവും കവർന്നു
സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളിൽ ഉൾപ്പെട്ട ഒരു മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ സംസ്കാര ജംക്ഷന് സമീപമുള്ള വാടകവീട്ടിലാണ് അതിക്രമം നടന്നത്. ആസാം, ബംഗാൾ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 7 പേർ താമസിച്ചിരുന്ന വീട്ടിലായിരുന്നു അതിക്രമം.
കൊച്ചി |ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ചുകയറി അഞ്ചംഗ സംഘം സ്വർണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ കവർന്നു. കൊച്ചി പാലാരിവട്ടത്താണ് സംഭവം. 4 മലയാളികളും ഇതര സംസ്ഥാന തൊഴിലാളിയും ഉൾപ്പെടെയുള്ള സംഘമാണ് വാടകവീട്ടിൽ അതിക്രമിച്ചുകയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിപ്പിച്ചും 6 ലക്ഷത്തിലേറെ രൂപയുടെ കവർച്ച നടത്തിയത്.
സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളിൽ ഉൾപ്പെട്ട ഒരു മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ സംസ്കാര ജംക്ഷന് സമീപമുള്ള വാടകവീട്ടിലാണ് അതിക്രമം നടന്നത്. ആസാം, ബംഗാൾ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 7 പേർ താമസിച്ചിരുന്ന വീട്ടിലായിരുന്നു അതിക്രമം.
പുലർച്ചെ പന്ത്രണ്ടരയോടെ ഇവരുടെ വീട് ആക്രമിക്കപ്പെടുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി. തുടർന്ന് വീടിന്റെ വാതിലുകൾ അകത്തുനിന്നും പൂട്ടി പുലർച്ചെ 1.15 വരെ താമസക്കാരെ മുറിക്കുള്ളിൽ തടഞ്ഞുവച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ തൊഴിലാളികളെ ഇവർ ശാരീരികമായും ഉപദ്രവിച്ചു. ആസാം സ്വദേശിയുടെ ഫോണിൽ നിന്ന് 12,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് അക്രമികൾ അയപ്പിച്ചു. ഇതിനു പുറമെ വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങൾ അക്രമികൾ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കിയ ശേഷം ഇതിലൊരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള സ്വർണമാലയും മറ്റൊരു സ്ത്രീയൂടെ 4 ഗ്രാം തൂക്കമുള്ള സ്വർണക്കമ്മലും കവരുകയായിരുന്നു.
3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ, 1.20 ലക്ഷം രൂപ, പഴ്സ്, എടിഎം കാർഡുകൾ, ഐഡി കാർഡുകൾ, 1,20,000 രൂപ വിലയുള്ള 1 പവൻ സ്വർണമാല, 60,000 രൂപ വിലയുള്ള 4 ഗ്രാം സ്വർണക്കമ്മൽ, കൂടാതെ യുപിഐ വഴി കൈക്കലാക്കിയ 12,000 രൂപ ഉൾപ്പെടെ ആകെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് അക്രമികൾ തട്ടിയെടുത്തത്. രാവിലെ ഏഴു മണിയോടെ തൊഴിലാളികൾ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.