ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം അപലപിച്ച് ഇറാൻ,അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനം
അമേരിക്കയുടെ ആയുധമേന്തിയ കൊള്ള, ഭരണകൂട കടൽക്കൊള്ള എന്നീ നയങ്ങളുടെ തെളിവാണിതെന്നും, സമുദ്ര സുരക്ഷ തകർക്കുന്ന അമേരിക്കയുടെ ഇത്തരം നിയമവിരുദ്ധ പെരുമാറ്റങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു
ടെഹ്റാൻ | ഒമാൻ തീരത്ത് വെച്ച് അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം അപലപിച്ച് ഇറാൻ. വാണിജ്യ കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തെ ശക്തമായി എതിർത്താണ് ഇറാൻ രംഗത്തെത്തിയത്. കപ്പലിന് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികരാണ് കൊല്ലപ്പെട്ടത്. വാണിജ്യ കപ്പലായ ‘എംടി സെറ്റെബെല്ലോ’ (MT Settebello) യ്ക്ക് നേരെ നടന്ന യു.എസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആരോപിച്ചു. അമേരിക്കയുടെ ആയുധമേന്തിയ കൊള്ള, ഭരണകൂട കടൽക്കൊള്ള എന്നീ നയങ്ങളുടെ തെളിവാണിതെന്നും, സമുദ്ര സുരക്ഷ തകർക്കുന്ന അമേരിക്കയുടെ ഇത്തരം നിയമവിരുദ്ധ പെരുമാറ്റങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ നാവികരുടെ കുടുംബങ്ങളോട് ഇറാൻ അനുശോചനം രേഖപ്പെടുത്തി.സംഭവത്തിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഏജൻസികളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും സജ്ജമായിരിക്കാൻ ഇന്ത്യൻ നാവികസേനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
സിവിലിയൻ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഐഎംഒ (IMO – International Maritime Organization) വ്യക്തമാക്കി. ഐഎംഒ സെക്രട്ടറി ജനറൽ ആഴ്സനിയോ ഡൊമിംഗസ് സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും, മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
അതേസമയം ഇറാനുമായി സമാധാന കരാർ ഈയാഴ്ച ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ അന്തിമഘട്ടത്തിലാണെന്നും യൂറോപ്പിൽ വച്ചായിരിക്കും കരാർ ഒപ്പിടുകയെന്നും ട്രംപ് വ്യക്തമാക്കി. കരാറിന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അംഗീകാരം ലഭിച്ചതായി ട്രംപ് അവകാശപ്പെട്ടു. ചർച്ചകളിലെ പുരോഗതി ചൂണ്ടിക്കാട്ടി ഇന്നലെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇറാൻ ആക്രമണത്തിൽ നിന്നും ട്രംപ് പിന്മാറിയിരുന്നു.
ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാനിൽ നിന്നും ഉറപ്പു ലഭിച്ചെന്നും, കരാർ ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം.കരാർ ഒപ്പിടുന്നതിനായി വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് ആയിരിക്കും യൂറോപ്പിലേക്ക് പോകുക. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്.