മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് അവകാശപ്പെട്ട് നടന്നത് കോടികളുടെ തട്ടിപ്പ്.

മെസിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും കരാറില്‍ ഏര്‍പ്പെട്ടതിന്റെ രേഖകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനും സര്‍ക്കാറും തമ്മില്‍ എഗ്രിമെന്റും ഇല്ല

 

കൊച്ചി | അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് അവകാശപ്പെട്ട് നടന്നത് കോടികളുടെ തട്ടിപ്പ്. ഇതു സംബന്ധിച്ച് സംസ്ഥാന കായിക വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്പുറത്തുവന്നു . മെസിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും കരാറില്‍ ഏര്‍പ്പെട്ടതിന്റെ രേഖകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനും സര്‍ക്കാറും തമ്മില്‍ എഗ്രിമെന്റും ഇല്ല. ചുരുക്കത്തില്‍ ഇത്തരമൊരു നീക്കത്തിന് നിയമ സാധുത ഉണ്ടായിരുന്നില്ലെന്നുമുള്ള ഗുരുതരമായ കണ്ടെത്തലും കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്

മെസിയെ കൊണ്ട് വരാനുള്ള നീക്കം വ്യാജമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ മറവില്‍ ക്രിമിനല്‍ കുറ്റങ്ങളും സാമ്പത്തിക വഞ്ചനയുമാണ് നടന്നിട്ടുള്ളതെന്ന് സംശയിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഫിഫ അംഗീകാരമില്ലാതെയാണ് പ്രഖ്യാപനം നടന്നത്. ചട്ടങ്ങള്‍ മറികടന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. മുന്‍ കായിക മന്ത്രി നടപടിക്രമം പാലിച്ചില്ല. കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍മാര്‍ക്ക് കൈമാറിയതിലും വീഴ്ച്ചയുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളര്‍ (ഏകദേശം 126 കോടി രൂപ) നല്‍കിയതായി സ്‌പോണ്‍സര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പണം കൈമാറിയതിന്റെയോ എഎഫ്എ അത് സ്വീകരിച്ചതിന്റെയോ യാതൊരു രേഖകളും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്‌പോണ്‍സറും സര്‍ക്കാരും തമ്മില്‍ ഒപ്പിട്ടതിന്റെ രേഖകളോ കണ്ടെത്താനായിട്ടില്ല. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജൻസി വഴി പണം കൈമാറ്റം നടത്താനാണു സ്പോൺസർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയത്. ഈ ഏജൻസി യു എസിൽ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം നേരിടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദേശത്തേക്കു പണം അയയ്ക്കാൻ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി നേടിയെടുത്ത സ്പോൺസർ പിന്നീട് പണം കൈമാറിയതിന്റെ രേഖകളൊന്നും സർക്കാരിനു സമർപ്പിച്ചിട്ടില്ല. അർജന്റീന ടീമിന്റെ സന്ദർശനം നീണ്ടതോടെ കരാർ ലംഘനത്തിന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ 2 തവണ നോട്ടിസ് അയച്ചിരുന്നു.
അർജന്റീന ടീമിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഇല്ലാതെയാണ് കൊച്ചിയിൽ പ്രദർശന മത്സരം നടക്കുമെന്ന് കേരളം കേന്ദ്രത്തിനു കത്തെഴുതിയതും പണം കൈമാറാൻ അനുമതി നേടിയെടുത്തതും. 126 കോടി പണം കൈമാറ്റത്തിൽ 22.68 കോടി സേവനനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് സ്പോൺസർക്ക് അടുത്തിടെ സമൻസ് അയച്ചിരുന്നു.
എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായികമന്ത്രിയുടെ ഓഫിസ് നടത്തിയ ഇ–മെയിലുകൾ മാത്രമാണ് സർക്കാർ രേഖ. 2 വർഷത്തിനുശേഷം ഇവ ഫയലിൽ ചേർക്കാൻ കായികവകുപ്പിനു കൈമാറുകയായിരുന്നു.

കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ടാഴ്ച മുന്‍പ് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.മുഖ്യമന്ത്രി റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കായിക യുവജനകാര്യ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി അഡ്വ. ഒജെ ജനീഷ് പറഞ്ഞു. നിലവില്‍ കായിക വകുപ്പ് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവകരമാണ്. ഈ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് കായിക മന്ത്രി ഒജെ ജനീഷ് വ്യക്തമാക്കി.അർജന്റീന ടീമിനെ കൊണ്ടുവരാൻ തയാറാണെന്നും അതിന് മുഴുവൻ സാമ്പത്തിക സഹായം നൽകാമെന്നും അറിയിച്ച് കളമശ്ശേരി ആസ്ഥാനമായ ഗോട്ട് ആഡ് ഗ്ലോബൽ എന്ന സ്ഥാപനമാണ് 2023 ജൂലൈയിൽ‍ സർക്കാരിന് ആദ്യ കത്തയച്ചത്. അതിന് 20 ദിവസം മുൻപു മാത്രമാണ് ഈ സ്ഥാപനം റജിസ്റ്റർ ചെയ്തതെന്നും ഒരു ലക്ഷം രൂപ മാത്രമായിരുന്നു അന്നു മൂലധനമെന്നും സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് സ്പോൺസറായെത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അതേ മേൽവിലാസമാണ് സ്ഥാപനത്തിനെന്നും റിപ്പോർട്ടിലുണ്ട്.ടെ‍ൻഡറില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ കണ്ടെത്തിയത് ഗുരുതരമായ വീഴ്ചയാണ് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബിസിനസ് റൂൾസ്, സെക്രട്ടേറിയറ്റ് മാനുവൽ, സ്റ്റോർ പാർച്ചസ് മാനുവൽ എന്നിവയുടെ ലംഘനവും നിയമ ധനകാര്യ വകുപ്പ് അറിയാതെ കരാർ നടപ്പിലാക്കിയതും റിപ്പോർട്ടിൽ പറയുന്നു. മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾ നൽകിയ പരാതിയിന്മേൽ കായിക വകുപ്പ് മന്ത്രി ഉത്തരവിട്ട അന്വേഷണത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് അറിയുന്നു

അതേസമയം 2022 ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌ മുൻ കായിക മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു. ഇ‍ൗ വിഷയത്തിൽ ഒരു ചില്ലിക്കാശ്‌ പോലും സംസ്ഥാന സർക്കാരിന്‌ നഷ്‌ടമുണ്ടായിട്ടില്ല. മത്സരം നടത്താൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (AFA) സ്‌പോൺസറും തമ്മിലാണ്‌ കരാറൊപ്പിട്ടത്‌. ഇ‍ൗ കരാറുമായി ബന്ധപ്പെട്ട്‌ സർക്കാരിന്‌ ഒരു ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

-