മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്,സർക്കാരിന് നഷ്ടമുണ്ടായില്ല എന്ന വാദം പൊളിയുന്നു

വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധന വകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. മെസി പേരിലെ കള്ളക്കളിയിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയില്ലെന്ന വാദങ്ങളും പൊളിയുന്നു

കൊച്ചി | മെസിയുടെ പേരിലുള്ള തട്ടിപ്പിൽ, കായിക വകുപ്പ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും – സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്. കളക്ഷൻ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ല. വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധന വകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
മെസി പേരിലെ കള്ളക്കളിയിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയില്ലെന്ന വാദങ്ങളും പൊളിയുന്നു. അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . സർക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകൾ ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കി.

ഇത് സംസ്ഥാനത്തെ നിയമവ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നതാണ്. ഭരണസംവിധാനത്തിന്‍റെ വിശ്വാസ്യതയാണ് തകർത്തത്. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ക്ഷണിച്ചുവരുത്തുന്ന നടപടികൾ ഉണ്ടായെന്നും സർക്കാർ സംവിധാനങ്ങൾ ചട്ടം മറികടന്ന് കൈമാറിയെന്നും ദുരുപയോഗം ചെയ്തുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി കായികമന്ത്രി ഒ ജെ ജെനീഷ് തള്ളിയിരുന്നു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് പണം നഷ്‌ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസിജ്യർ പാലിച്ചില്ലെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു.

സർവത്ര ചട്ട ലംഘനമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. താൽപര്യ പത്രം ക്ഷണിക്കൽ, പരസ്യ ടെൻഡർ നടപടികൾ, സ്പോൺസർഷിപ്പ് നിരക്കുകകളുടെ മൂല്യനിർണയം, ഫണ്ടിന്റെ സ്രോതസ് ഉറപ്പിക്കൽ എന്നിവ നടന്നില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ മാത്രം തിരഞ്ഞെടുത്തതിലുള്ള കാരണം വിശദീകരിക്കുന്ന ഉത്തരവില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ല. യാതൊരുവിധ നടപടി ക്രമങ്ങലും പാലിക്കാതെ ആർബിസിയെ മാത്രം തിരഞ്ഞെടുത്തത് അവിശുദ്ധ കൂട്ടുകെട്ട് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.15 മില്യൺ യു.എസ് ഡോളർ എന്ന ഭീമമായ പണമിടപാട് നടന്നു. വിദേശ നാണ്യം ഇന്ത്യക്ക് പുറത്തേക്ക് കടത്തലായിരുന്നു ലക്ഷ്യം. കളക്ഷൻ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ലായിരുന്നു. കളക്ഷൻ ഏജന്റിന്റെ ഒരു വിവരം പോലു സർക്കാർ ശേഖരിച്ചില്ല. ഇതാണ് വിദേശ നാണ്യം പുറത്തേക്കു കടത്താനുള്ള നീക്കമെന്നു സംശയിക്കുന്നത്. ഇതോടെയാണ് ധനവകുപ്പും പ്രതികൂട്ടിലായത്. നികുതി ആഘാതങ്ങളെ കുറിച്ചോ ആകെ ചിലവിനെ കുറിച്ചോ പരിശോധന നടത്താത്തത് കുറ്റകരമെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

You might also like

-