ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം , ടി ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം
തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു
തിരുവനന്തപുരം| ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ടി ജി മോഹൻദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. ടി ജി മോഹൻദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതി നടപടി. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാല്‍, പ്രോസിക്യൂഷൻ വാദം തെറ്റാണെന്നായിരുന്നു മോഹൻകുമാറിന്റെ അഭിഭാഷകൻ വാദിച്ചത്. പൊലീസ് വീട്ടിലെത്തിയാണ് ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തതൊന്നും മോഹൻദാസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷ നൽകാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയിൽ ചോദിക്കുമെന്നും പ്രതിഭാഗം വാദിച്ചു.ഉപാധികളോടെയാണ് ജാമ്യം. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി തള്ളുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ടി ജി മോഹൻദാസ് ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. നാളെ മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഹാജരാകേണ്ടത്.അന്വേഷണ സംഘവുമായി സഹകരിക്കണം, എപ്പോൾ അന്വേഷണ സംഘം വിളിച്ചാലും ഹാജരാകണം, തെളിവ് നശിപ്പിക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മൂന്ന് ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ തുടർച്ചയായി ഹാജരാകണം, രണ്ട് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല, അത്തരത്തിലുള്ള കേസുകൾ ഉണ്ടാകരുത്, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് മോഹന്‍ദാസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ സംഘപരിവാര്‍ സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ (BNS 192), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കൽ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കൽ (BNS 79), സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ (KP Act 120(o)) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതിൽ ബി എൻ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാലാണ് കോടതിയുടെ തീരുമാനം നിര്‍ണായകമായത്.
ഞായറാഴ്ചയാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ടി ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോം ടി ജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമായിരുന്നു ടി ജി മോഹൻദാസിനെ കോടതിയിൽ ഹാജരാക്കിയത്.