കുമ്പഴയിൽ രണ്ടാനച്ഛന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സൂചന

കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി.

0

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ രണ്ടാനച്ഛന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി  ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സൂചന. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് കുട്ടിക്കെതിരെ അതിക്രമം നടന്നത്. കുമ്പഴാ കളീക്കപ്പടിക്കൽ വാടകയ്ക്ക് താമസിക്കുകയിരുന്നു പെൺകുട്ടിയും മാതാപിതാക്കളും. സമീപത്തെ വീടുകളിൽ ജോലിക് പോകുന്ന അമ്മ കനക തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് കുഞ്ഞിനെ ജനറൽ ആശുപത്രയിലെത്തിച്ചു. പക്ഷേ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു.കുട്ടിക്ക് ശ്വാസ തടസം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തി സഹായം ആവശ്യപ്പെടുന്നത് കുട്ടിയുടെ അമ്മയാണ്. തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

കുട്ടിയെ നിരന്തരമായി രണ്ടാനച്ഛന്‍ അലക്സ് മർദ്ധിക്കുമെന്നാണ് അമ്മ കനക പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. തീപൊള്ളലേറ്റ പാടുകളും ദേഹത്ത് ഉണ്ട്. അമ്മ കനകയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. മദ്യ ലഹരിയിലായിരുന്ന പ്രതി അക്രമാസക്തം ആവുകയും പൊലീസ് ജീപ്പിന്‍റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും പൊലീസ് കഞ്ചാവും കണ്ടെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി നാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.