എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് ഗതാഗത സൗകര്യം അധ്യാപകർ ഉറപ്പാക്കണം

സ്വകാര്യ വാഹനങ്ങള്‍, പൊതു ഗതാഗതം, സ്‌കൂള്‍ ബസ്, പിടിഎയുടെ വാഹന സൗകര്യം എന്നിവ പ്രയോജനപ്പെടുത്താം

0

തിരുവനന്തപുരം: മെയ് 26 മുതല്‍ 30 വരെ നടക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് വിദ്യാർഥികളെ പരീക്ഷാകേന്ദ്രത്തില്‍ എത്താനുള്ള ഗതാഗത സൗകര്യം ക്ലാസ് ടീച്ചര്‍മാരുടെ സഹായത്തോടെ പ്രധാനാധ്യാപകര്‍ ഉറപ്പാക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇതിനായി സ്വകാര്യ വാഹനങ്ങള്‍, പൊതു ഗതാഗതം, സ്‌കൂള്‍ ബസ്, പിടിഎയുടെ വാഹന സൗകര്യം എന്നിവ പ്രയോജനപ്പെടുത്താം
തദ്ദേശ സ്ഥാപനങ്ങളുടെയും പട്ടികവിഭാഗ വകുപ്പിന്റെയും സഹായം തേടാം. സമീപ സ്‌കൂളുകളിലെ ബസും ഉപയോഗിക്കാം. ഇങ്ങനെ യാത്രാ സൗകര്യം ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ സ്‌പെഷല്‍ ഫീ, പിടിഎ ഫണ്ട് എന്നിവ ഉപയോഗിച്ച് വാഹനം വാടകയ്‌ക്കെടുക്കാം.പരീക്ഷാ ഒരുക്കങ്ങള്‍ സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ തെര്‍മല്‍ സ്‌കാനറിന്റെ കാര്യം പറയുന്നില്ല. തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പെടെ 5 വ്യവസ്ഥകള്‍പ്രകാരമാണ് കേന്ദ്രാനുമതി. സംസ്ഥാനത്തെ 3000 പരീക്ഷാകേന്ദ്രങ്ങളിലേക്കായി നാലായിരത്തോളം തെര്‍മല്‍ സ്‌കാനറുകള്‍ വേണ്ടി വരും.

സ്വന്തമായി ബസ് ഇല്ലാത്ത സ്‌കൂളുകളിലേക്കു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. കോവിഡ് കാലത്തെ നിരക്കിന്റെ പകുതിയേ ഈടാക്കൂ. സ്‌കൂള്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ഉയര്‍ന്ന നിരക്കില്‍ യാത്ര ചെയ്യാം.ജില്ല കടന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസിന് ഇപ്പോഴും അനുമതിയില്ല. ജില്ലാ അതിര്‍ത്തിയില്‍ താമസിച്ച് അയല്‍ജില്ലയില്‍ പഠിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സര്‍വീസ് നടത്താമെന്നാണു കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.