ഉക്രൈന് അയ്യായിരം കോടിയുടെ ലോകബാങ്ക് സഹായം

ആയിരക്കണക്കിന് കെട്ടിടങ്ങളും നഗരങ്ങളും സ്ഥാപനങ്ങളും തകരുന്നതും തുടരുകയാണ്. നിലവിൽ ജനങ്ങളുടെ ജീവകാരുണ്യ പ്രവർത്തനത്തിനും ആരോഗ്യപരിരക്ഷയ്‌ക്കും ഭക്ഷ്യ സുരക്ഷയ്‌ക്കുമാണ് മുൻഗണന നൽകുകയെന്നും ലോകബാങ്ക് അറിയിച്ചു

0

വാഷിംഗ്ടൺ | റഷ്യയുടെ രൂക്ഷമായ ആക്രമണം നേരിടുന്ന ഉക്രൈന് അടിയന്തിര ലോകബാങ്ക് സഹായം. അയ്യായിരം കോടിയുടെ സാമ്പത്തിക സഹായമാണ് ലോകബാങ്ക് നൽകുന്നത്. വായ്പയായിട്ടാണ് സഹായം കൈമാറിയിട്ടുള്ളതെങ്കിലും സാമ്പത്തികമായി പല ഇളവുകളും ഭാവിയിൽ നൽകുമെന്നും ലോകബാങ്ക് അറിയിച്ചു.റഷ്യയുടെ രൂക്ഷമായ കടന്നാക്രമണത്തിൽ സാമ്പത്തികമായും വാണിജ്യ പരമായും യുക്രെയ്ൻ തകർന്നിരിക്കുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങളും നഗരങ്ങളും സ്ഥാപനങ്ങളും തകരുന്നതും തുടരുകയാണ്. നിലവിൽ ജനങ്ങളുടെ ജീവകാരുണ്യ പ്രവർത്തനത്തിനും ആരോഗ്യപരിരക്ഷയ്‌ക്കും ഭക്ഷ്യ സുരക്ഷയ്‌ക്കുമാണ് മുൻഗണന നൽകുകയെന്നും ലോകബാങ്ക് അറിയിച്ചു. യുക്രെയ്‌നിനൊപ്പം അതിർത്തിയിൽ പ്രതിസന്ധിയിൽ സഹായിക്കുന്ന ചെറുരാജ്യങ്ങൾക്കും ലോകബാങ്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. വലിയ തോതിലുള്ള അഭയാർത്ഥിപ്രവാഹത്തെ കൈകാര്യം ചെയ്യാനാണ് സഹായം നൽകുന്നത്.

യുക്രെയ്‌നിലെ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത് ഐക്യരാഷ്‌ട്രസഭയുടെ മേൽനോട്ടത്തിലാണ്. നിലവിൽ അടിയന്തിര സഹായം ലഭിക്കുന്നത് ആരോഗ്യരക്ഷാ പ്രവർത്തകർക്കും ആശുപത്രികൾക്കുമാണ്. അക്രമത്തിൽ നിസ്സഹായരായി എങ്ങും പോകാനാകാതെ വിഷമിക്കുന്ന വൃദ്ധജനങ്ങളുടെ പെൻഷൻ അടക്കം നൽകാനും തീരുമാനമുണ്ട്. ജീവകാരുണ്യ മേഖലയ്‌ക്കും പണം നൽകും.

യുക്രയ്‌നായി നെതർലാന്റ്‌സാണ് സാമ്പത്തിക സഹായത്തിന്റെ തിരിച്ചടവിന്റെ കാര്യത്തിൽ ഉറപ്പുനൽകുന്നത്. സ്വീഡനും യുക്രെയ്‌ന്റെ സാമ്പത്തിക ഭദ്രത തിരികെ കൊണ്ടുവരാൻ പിന്തുണയ്‌ക്കും എന്ന ഉറപ്പിലാണ് ലോകബാങ്ക് സഹായം നൽകുന്നത്. ഇവർക്കൊപ്പം വിവിധ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയും ലോകബാങ്ക് യുക്രെയ്‌ന്റെ പ്രതിസന്ധി പരിഹരിക്കാൻ രൂപീകരിച്ചിട്ടുണ്ട്. ബ്രിട്ടൺ, ഡെൻമാർക്, ലാത്വിയ, ലിത്വാനിയ, ഐസ്ലാന്റ് എന്നിവരാണ് കൂട്ടായ്മയിലുള്ളത്.

You might also like