ഡോളർ കടത്ത് കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. യു എ ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളർ കടത്തിയത്.

0

കൊച്ചി: ഡോളർ കടത്ത് കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കസ്റ്റംസാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. നോട്ടീസ് നല്‍കിയാണ് വിളിച്ചുവരുത്തിയത്. ഇത് രണ്ടാം തവണയാണ് സന്തോഷ് ഈപ്പനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നതും ചോദ്യം ചെയ്യുന്നതും.അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സന്തോഷ് ഈപ്പനെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതിന് ശേഷം കോടതിയില്‍ ഹാജരാക്കും.

ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണമാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ പങ്ക് സന്തോഷ് ഈപ്പനുണ്ട് എന്നും കസ്റ്റംസ് പറയുന്നു. വിദേശത്ത് കടത്താനായി ഡോളര്‍ സ്വരൂപിച്ചത് സന്തോഷ് ഈപ്പനാണ് എന്നാണ് കസ്റ്റംസ് വാദം.കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. യു എ ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളർ കടത്തിയത്. ഡോളർ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തൽ. നിലവില്‍ നാല് പേരാണ് ഡോളര്‍ കടത്ത് കേസില്‍ പ്രതികളായിട്ടുള്ളത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്‍. സരിത്ത്, സ്വപ്ന, സന്ദീപ്, ശിവശങ്കര്‍ എന്നിവരാണ് ആദ്യം പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്.