യൂണി:കോളേജ് സംഘര്‍ഷത്തിൽ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

കോളേജിൽ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയിൽ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

0

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിൽ ഗവര്‍ണര്‍ ഇടപെടുന്നു. കോളേജിൽ നടന്ന അക്രമസംഭവങ്ങളിലും അനുബന്ധമായി ഉയര്‍ന്ന പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്‍ട്ട് വേണമെന്നാണ് ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കേരളത്തിലെ തന്നെ പ്രമുഖ കോളേജുകളിൽ ഒന്നാണ് തിരുവനന്തപുരത്തെ യൂണിവേഴ്‍സിറ്റി കോളേജ്. വിദ്യാര്‍ത്ഥി സംഘടനാ പ്രശ്നങ്ങൾ കത്തിക്കുത്ത് വരെ എത്തുകയും യൂണിറ്റ് നേതാക്കൾ പിടിയിലാകുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് ഗവര്‍ണര്‍ പ്രശ്നത്തിൽ ഇടപെടുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

‍മാത്രമല്ല യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയിൽ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍വ്വകലാശാല വൈസ് ചാൻസിലര്‍ക്ക് ചാൻസിലര്‍ കൂടിയായ ഗവര്‍ണര്‍ നൽകിയ നിര്‍ദ്ദേശം.