ഇന്ന്” മഹിളാ കിസാന്‍ ദിവസ് ” കർഷക സമരം  സ്ത്രീകൾ   നയിക്കും 

പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

0

ഡല്‍ഹി:അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്‌ച ‘വനിതാ കർഷകദിന’മായി കർഷകസംഘടനകൾ ആചരിക്കും. കർഷകസമരത്തിന്‌ നേതൃത്വം നൽകുകയും പ്രക്ഷോഭത്തിൽ പങ്കാളികളാകുകയും ചെയ്യുന്ന വനിതാ കർഷകരോടുള്ള ആദരസൂചകമായാണിത്.‌ തിങ്കളാഴ്‌ച രാജ്യത്തെ കർഷകസമര കേന്ദ്രത്തിലെല്ലാം നിയന്ത്രണം പൂർണമായും വനിതകൾക്കാണ്‌.

പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് വനിതകളില്‍ ഭൂരിഭാഗം പേരും ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്.വേദികൾ നിയന്ത്രിക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം വനിതാ കർഷകരായിരിക്കുമെന്ന്‌ സംയുക്ത കിസാൻ മോർച്ച വക്താവ്‌ ദർശൻപാൽ അറിയിച്ചു. വനിതാ കർഷകദിനം പ്രമാണിച്ച്‌ പ്രത്യേക റാലികളും യോഗങ്ങളും സംഘടിപ്പിക്കും

കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്‌പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ്- സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.സിംഘു, ടിക്രി, ഗാസിപുര്‍ തുടങ്ങിയ പ്രതിഷേധ കേന്ദ്രങ്ങളിലേക്കാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതകള്‍ എത്തുക. എല്ലാ കാര്‍ഷിക സംഘടനകള്‍ക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അംഗബലമുള്ളത് ഭാരതീയ കിസാന്‍ യൂണിയ(ഉഗ്രഹന്‍)നാണ്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.