ഒരാൾക്ക്കൂടി സിക്ക വൈറസ്,സിക്ക ബാധിച്ചവരുടെ എണ്ണം 15 ആയി,ആരോഗ്യമന്ത്രി ഡിഎംഒമാരുടെ യോഗം വിളിച്ചു

പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല

0

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സിക്ക ബാധിച്ചവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം 14 പേർക്ക് സിക്ക ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.രോഗം സ്ഥിരീകരിച്ചതില്‍ കൂടുതലും ആരോഗ്യ പ്രവര്‍ത്തകരാണ്.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസ്സുകാരിയായ ഗർഭിണിക്കാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. മരണങ്ങൾ അപൂർവമാണ്.

ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്ത് സിക്ക വൈറസ് ബാധിച്ചാല്‍ ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.എൻ.സി.ഡി.സി ഡൽഹി, എൻ.ഐ.വി പുണെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആർടിപിസിആർ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.

നിലവിൽ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങൾ കൂടുന്നെങ്കിൽ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള രോഗ ലക്ഷണമുള്ള ഗർഭിണികൾ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

കൊതുകു കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. പകൽ സമയത്തും വൈകുന്നേരവും കൊതുക് കടിയിൽ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗർഭിണികൾ, ഗർഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയിൽ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനിൽക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കാണം

സിക്ക ബാധ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി ഡിഎംഒമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താനൊരുങ്ങി ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനം അയച്ച 19 സാമ്പിളുകളിലാണ് 14 പേർക്ക് പോസീറ്റീവായിരിക്കുന്നത്. തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സ തേടിയവരില്‍ ഡെങ്കിപ്പനിയുടെയും ചിക്കന്‍ഗുനിയുടെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പരിശോധനയില്‍ ഇവ രണ്ടുമല്ലെന്ന് തെളിഞ്ഞതോടെയാണ് സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചത്

You might also like

-