ഡ്രജർ അഴിമതി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി

സർക്കാർ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. 2009 – 2014 കാലഘട്ടത്തിലാണ് ഇദ്ദേഹം തുറമുഖ ഡയറക്ടറായി പ്രവർത്തിച്ചത്

0

കൊച്ചി| ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ്, സർക്കാർ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. 2009 – 2014 കാലഘട്ടത്തിലാണ് ഇദ്ദേഹം തുറമുഖ ഡയറക്ടറായി പ്രവർത്തിച്ചത്. ജസ്റ്റിസ് നാരായണ പിഷാരടിയുടെ സിംഗിൾ ബെഞ്ചാണ് കുറ്റപത്രം റദ്ദാക്കിയത്. ജേക്കബ് തോമസിനായി അഭിഭാഷകൻ സി. ഉണ്ണികൃഷ്ണൻ ഹാജരായി.ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടർ ആയിരിക്കെ കട്ടർ സക്ഷൻ ഡ്രജർ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയർന്നത്. സർക്കാർ അനുമതിക്കു ശേഷം രേഖകളിൽ മാറ്റം വരുത്തി ടെൻഡർ വിവരങ്ങൾ വിദേശ കമ്പനിക്കു കൈമാറിയെന്നാണ് ധനകാര്യ വകുപ്പ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ 2014ൽ വിജിലൻസ് അന്വേഷിച്ച് ക്രമക്കേട് നടന്നിട്ടില്ലെന്നു റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ അന്വേഷണ സമയത്ത് ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലൻസ് എഡിജിപി.

തോമസ് ജേക്കബിന് എതിരെയായിരുന്നു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജനയാനന്ദിന്റെ ശുപാർശ. 2016ൽ കണ്ണൂരിൽ നിന്നുള്ള രാജീവ് ഗാന്ധി കൺസ്ട്രക്ഷൻ കോ–ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ധനകാര്യ വകുപ്പിനു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ’ എന്ന പേരിൽ ജേക്കബ് തോമസ് ആത്മകഥ എഴുതിയത് സർക്കാരിന്റെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പുസ്തകത്തിൽ ഔദ്യോഗിക, രഹസ്യ വിവരങ്ങൾ പ്രസിദ്ധീകരിച്ചു എന്ന പേരിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2017ൽ ഇതിന്റെ പേരിൽ സസ്പെൻഷനും നൽകിയിരുന്നു.

ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ അഴിമതിക്കെതിരായ സർക്കാർ പോരാട്ടത്തിന്റെ മുഖമായിരുന്നു ജേക്കബ് തോമസ്. എന്നാൽ മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി.ജയരാജനെതിരെ വിജിലൻസ് കേസ് എടുത്തതോടെ ജേക്കബ് തോമസിനെ പിണറായി കൈവിടുകയായിരുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു സർക്കാരിനെ വിമർശിച്ചതിനായിരുന്നു ആദ്യ സസ്പെൻഷൻ. പിന്നീടു എഡിജിപി ആയി തരംതാഴ്ത്താനും ശ്രമിച്ചു. ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ (വിആർഎസ്) അപേക്ഷ സംസ്ഥാന സർക്കാർ എതിർത്തതോടെ കേന്ദ്ര സർക്കാർ അനുവദിച്ചില്ല.

തുടർച്ചയായി നാല് തവണയാണ് ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡു ചെയ്തത്. ഇപ്പോൾ ഡ്രജർ അഴിമതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയത് ജേക്കബ് തോമസിന് ആശ്വാസമാണ്.

You might also like

-