നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്‍റർ നീരീക്ഷകർ

  ഇതിനിടെ സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്.

0

കൊല്ലം | കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്‍റർ നീരീക്ഷകർ എൻ ടി എക്ക് റിപ്പോർട്ട് നൽകി. എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണം. ആരോപണം ഉയർന്ന തലത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും എൻ ടി എ പ്രതികരിച്ചു.

ചടയമംഗലത്തെ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ സംഭവം.സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.

ഇതിനിടെ സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പരാതിപ്പെടുന്നു. എന്നാല്‍, താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ – ഓർഡിനേറ്റർ എൻ ജെ ബാബു പറയുന്നത്. വിവാദം നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ – ഓർഡിനേറ്റർ അറിയിച്ചു.

അതേസമയം നീറ്റ് പരീക്ഷയെഴുതാനെത്തിയ പെൺകുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ ഏജൻസിയിലെ വനിതാ ജീവനക്കാർക്കെതിരെ കേസെടുത്തു. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

-

You might also like

-