ഫോട്ടോ ജേണലിസ്റ്റ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

താലിബാൻ ബുധനാഴ്ച പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാൻ അഫ്ഗാൻ സേന മുന്നേറുമ്പോൾ രാവിലെ സിദ്ദീഖിയുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. തുടർന്ന് വൈദ്യസഹായം നൽകി. അതിനുശേഷം മാർക്കറ്റിലെ വ്യാപാരികളുമായി സംസാരിച്ചു നിൽക്കുമ്പോഴാണു താലിബാൻ ആക്രമണമുണ്ടായതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു

0

ഡൽഹി :ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും
അഫ്‌ഗാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. രാത്രിയോടെ എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം താലിബാൻ റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്‍റെ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചിരുന്നു..

ഇവിടുന്ന് നടപടികൾ പൂർത്തിയാക്കിയാവും മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരിക. താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ടഹാറിലുണ്ടായ വെടിവെപ്പിലാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫൊട്ടോഗ്രഫർ സിദ്ദീഖി കൊല്ലപ്പെടുന്നത്. കഴിഞ്ഞയാഴ്ചയാണു കാണ്ടഹാർ താവളത്തിൽനിന്നുള്ള അഫ്ഗാൻ സേനയ്ക്കൊപ്പം സംഘർഷം റിപ്പോർട്ട് ചെയ്യാനായി സിദ്ദീഖി യുദ്ധമുഖത്തേക്കു പോയത്. താലിബാൻ ബുധനാഴ്ച പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാൻ അഫ്ഗാൻ സേന മുന്നേറുമ്പോൾ രാവിലെ സിദ്ദീഖിയുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. തുടർന്ന് വൈദ്യസഹായം നൽകി. അതിനുശേഷം മാർക്കറ്റിലെ വ്യാപാരികളുമായി സംസാരിച്ചു നിൽക്കുമ്പോഴാണു താലിബാൻ ആക്രമണമുണ്ടായതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2018 ൽ റോയിട്ടേഴ്സിലെ ഡാനിഷ് സിദ്ദിഖിയും അബ്ദാൻ ആബിദിയും സംയുക്തമായി ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനം നേടിയിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ നിന്നൊരാൾ പുലിറ്റ്സർ പുരസ്കാരം നേടിയത്. റോഹിങ്ക്യൻ അഭയാർത്ഥികളെ കുറിച്ചുള്ള ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്.‌

You might also like

-