ആരാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവീസ് ഓഫീസർ?

2017ലാണ് ആദ്യശ്രമത്തിൽ തന്നെ സുശ്രീ സിവിൽ സർവീസ് സ്വപ്നം സ്വന്തമാക്കിയത്. 151 ആം റാങ്കോടു കൂടി അന്ന് സിവിൽ സർവീസ് പരീക്ഷ പാസാകുമ്പോൾ സുശ്രീക്ക് പ്രായം വെറും 22 വയസ്.

0

കൊല്ലം :രാജ്യത്തെ ഏറ്റവും പ്രായ കുറഞ്ഞ സിവിൽ സർവ്വീസ് ഓഫീസർ ആരാണ് ? കൊല്ലത്തെ ഇരുപത്തിരണ്ടുവയസ്സുകാരി എസ്. സുശ്രീ പറയു “അത് ഞാനാണെന്ന് “2017 വർഷം രാജ്യത്തെ ഏറ്റവും ഉന്നത പരീക്ഷ എന്ന കടമ്പ വിജയകരമായി കടന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ. ആദ്യശ്രമത്തിൽതന്നെ 151–ാം റാങ്ക്. അഭിനന്ദിക്കാൻ നേരിട്ടെത്തുന്നവർക്കു നടുവിൽനിന്ന് ഫോൺകോളുകൾക്കു മറുപടി പറയുമ്പോൾ സുശ്രീയുടെ മുഖത്ത് അഭിമാനമുണ്ട്.

പഠനത്തിൽ‌ മാർഗദർശികളായ അച്ഛനോടും അമ്മയോടും നന്ദിയും കടപ്പാടുമുണ്ട്. കാത്തിരിക്കുന്ന ഉത്തരവാദിത്തക്കുറിച്ചു ബോധമുണ്ട്. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ തിങ്കളാഴ്ച ഒഡിഷ ഐ പി എസ് കേഡറിൽ ജോയിൻ ചെയ്തു. ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് സുശ്രീയുടെ ആദ്യ നിയമനം.

കൊല്ലം ജില്ലയിലെ മലയോര മേഖലയായ അഞ്ചൽ ആണ് സുശ്രീയുടെ ജന്മസ്ഥലം. അച്ഛൻ മുൻ സൈനികനായ പി.ടി. സുനിൽകുമാർ. അമ്മ സ്വകാര്യ സ്കൂൾ അധ്യാപിക. കുട്ടിക്കാലം മുതലേ ചിട്ടയോടെ പഠിച്ചാണ് അപൂർവനേട്ടം സ്വന്തമാക്കിയത്. അഞ്ചൽ ശബരിഗിരി റെസിഡൻഷ്യൽ സ്കൂളിൽനിന്നു സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയശേഷം സെന്റ് ജോൺസ് കോളജിൽ ബിരുദപഠനം. സ്വപ്നമായിരുന്നു സിവിൽ സർവീസ്; സുശ്രീക്കും കുടുംബത്തിനും. ഇപ്പോഴിതാ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. വിജയത്തിന്റെ നിർവൃതിയിലാണ് പ്ലസ് ടു വിദ്യാർഥിയായ ദേവി ശ്രീ കൂടി ഉൾപ്പെട്ട ഈ കൊച്ചു കുടുബം.സി ആർ പി എഫിൽ ഉദ്യോഗസ്ഥൻ ആയിരുന്നു അച്ഛൻ സുനിൽ കുമാർ ജോലിയിൽ നിന്ന് വോളണ്ടയറി റിട്ടയർമെന്‍റ് എടുത്താണ് സ്വപ്നം സഫലമാക്കാൻ മകൾക്ക് പിന്തുണയുമായി എത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സുശ്രീ തന്‍റെ സിവിൽ സർവീസ് സ്വപ്നം സഫലമാക്കാനുള്ള പഠനം ആരംഭിക്കുന്നത്.

സുശ്രീയുടെ അച്ഛൻ സുനിൽകുമാർ ജോലി ചെയ്തിരുന്നത് സിആർപിഎഫിൽ. തങ്ങളുടെ മുൻ സഹപ്രവർത്തകന്റെ മകളുടെ വലിയ നേട്ടത്തിൽ ആഹ്ലാദത്തിലാണു സൈനികർ. ട്വിറ്ററിലൂടെ അവരും ആഹ്ലാദം പങ്കുവച്ചു. സൈനികസേവനത്തിടെ ആറുവർഷത്തോളം സെപ്ഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലുമുണ്ടായിരുന്നു സുനിൽകുമാർ. 2004 മുതൽ 10 വരെ. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സുരക്ഷാ സംഘത്തിലെ അംഗം. 2008–ൽ അന്നു 14 വയസ്സു മാത്രമുണ്ടായിരുന്ന സുശ്രീക്ക് ഒരു ചടങ്ങിനിടെ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും ഭാര്യ ഗുർചരൺ സിങ്ങിനും ബൊക്കെ സമർപ്പിക്കാനും അവസരമുണ്ടായി. മൻമോഹൻ സിങ്ങുമായി സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ഭാവിയിലെ തന്റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചതോർക്കുന്നു സുശ്രീ. സിവിൽ സർവീസ് എന്നു പറഞ്ഞപ്പോൾ സിങ്ങിനു സന്തോഷം. അദ്ദേഹം നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു. അന്നു മനസ്സിൽ തോന്നിയ പ്രചോദനത്തിന്റെ കൂടി ഫലമാണ് ഇന്നത്തെ നേട്ടമെന്നു പറയുന്നു വിനയത്തോടെ സുശ്രീ.

You might also like

-