ഷോപ്പിയാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദ് ദറാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ദംഗാമില്‍ നിന്ന് ഇന്ന് രാവിലെയാണ് ജാവേദിന്റെ ശരീരം കണ്ടെത്തിയത്. ജാവേദിനായുള്ള തിരച്ചില്‍ നടത്തി വരികയായിരുന്നു.

ഇന്നലെയാണ് ഭീകര സംഘം ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ കാറിലെത്തിയ ഒരു സംഘം പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ഹിസ്ബുള്‍ ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നാല് പേരടങ്ങിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. മുന്‍ ഷോപ്പിയാന്‍ എസ്എസ്പി ശൈലേന്ദ്ര കുമാറിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറാണ് ജാവേദ്.

സൈനിക ഉദ്യോഗസ്ഥനായ ഔറംഗസേബിനെ തട്ടിക്കൊണ്ടു പോയി ഒരു മാസം തികയാന്‍ പോകുന്നതിനിടെയാണ് പുതിയ സംഭവം. ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഔറംഗസേബിനെ പിന്നീട് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി വീട്ടിലേക്ക് വരുന്നതിനിടെയാണ് ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സമീര്‍ ടൈഗറിനെ വധിച്ച കമാന്‍ഡോ സംഘത്തിലെ അംഗമായിരുന്നു ഔറംഗസേബ്. പുല്‍വാമക്കു സമീപത്ത് നിന്നും വെടിയുണ്ട തറച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

You might also like

-