തിരുവനന്തപുരം വിമാനത്താവളം സർക്കാരിന് ഇരട്ടത്താപ്പ് രമേശ് ചെന്നിത്തല

അഴിമതിയിൽ കുളിച്ചു നിൽക്കുന്ന സർക്കാറിനെയാണ് നാം കാണുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നം

0

തിരുവനന്തപുരം :വിമാനത്താവളത്തിന്റെ കാര്യത്തിൽ പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി അദാനിയെ സഹായിക്കുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകക്ഷി യോഗത്തിൽ സഹകരിച്ച രാഷ്ട്രീയ പാർട്ടികളെ സർക്കാർ വഞ്ചിച്ചുവെന്നും മുഖ്യമന്ത്രിയെയും സർക്കാരിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ക്രിമിനൽ ഗൂഢാലോചനയിലൂടെ അദാനിയുമായി കള്ളക്കച്ചവടം നടത്തുകയാണ് സർക്കാർ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡിന്റെ മറവിൽ  സ്വജന പക്ഷപാതവും അഴിമതിയുമാണ് ഓരോ ദിവസവും കണ്ടത്. അഴിമതിയിൽ കുളിച്ചു നിൽക്കുന്ന സർക്കാറിനെയാണ് നാം കാണുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന കാര്യത്തിൽ പ്രതിപക്ഷത്തിന് എതിരഭിപ്രായമില്ല. യുഡിഎഫ് സ്വകാര്യ മേഖലയ്ക്ക് ഒരിക്കലും എതിരുമല്ല. സംസ്ഥന തലസ്ഥാനത്തെ വിമാനത്താവളമെന്ന നിലയിൽ തിരുവനന്തപുരം വിമാനത്താവളത്തിന് പരിരക്ഷ കൊടുത്ത് വികസിപ്പിച്ചേടുക്കേണ്ടതും നമ്മളുടെ ചുമതലയും കർത്തവ്യവുമാണ്.

കേരളത്തിൽ ഒരു വിമാനത്താവളം സ്വകാര്യ – പൊതുമേഖലയിൽ സ്ഥാപിക്കാമെന്ന് തെളിയിച്ചത് യുഡിഎഫാണ്. കരുണാകരന്റെ കാലത്തായിരുന്നു അത്. അന്ന് ധാരാളം എതിർപ്പുണ്ടായിരുന്നു. അന്ന് സിപിഐഎമ്മിന്റെ പല നേതാക്കളും പറഞ്ഞു ഞങ്ങളുടെ ശവത്തിൽ ചവിട്ടി മാത്രമേ വിമാനത്താവളെന്ന ആശയം സാധ്യമാകുകയുള്ളു. പിന്നീട് അവരൊക്കെ തന്നെ വിമാനത്താവളത്തിന്റെ ചെയർമാനായതും നമ്മൾ കണ്ടതാണ്. കിയാൽ പദ്ധതി 90 ശതമാനവും പൂർത്തീകരിച്ചത് ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ കാലത്താണ്. ഈ രണ്ടു വിമാനത്താവളങ്ങളും കേരളത്തിന്റെ മോഡലുകളാണ്. ഇത് ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. മാത്രമല്ല, സിയാൽ ലാഭത്തിലുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റിന്റെ നടപടിയെ പിന്തുണയ്ക്കാൻ കേൺഗ്രസ് തയാറായത്.

, സ്വകാര്യ വ്യക്തിയ്ക്ക് വിമാനത്താവളം കൊടുക്കുന്നതിലുള്ള വിയോജിപ്പാണ് ഞങ്ങൾ പ്രകടിപ്പിച്ചത്. മാത്രമല്ല, ലാഭകരമായി പ്രവർത്തിക്കുന്ന സിയാലിനെ ഒഴിവാക്കിയത് ഗൗരവമായ കാര്യമാണ്. കെപിഎംജിയുടെ വരവിൽ ദുരൂഹതയുണ്ട്. 10 ശതമാനം പ്രൈസ് പ്രിഫറൻസ് ഉണ്ടായിട്ടും കേരളം ടെൻഡറിൽ പരാജയപ്പെടുകയുണ്ടായത്.ലേലത്തിൽ പങ്കെടുക്കാനുള്ള ഉപദേശം ആരുടേതാണ്. സർക്കാറിന്റെ സമിതിയാണ് ടെൻഡറില്ലാതെ അദിനിയുടെ മരുമകളുടെ കമ്പനിയെ തിരഞ്ഞെടുത്തത്. എന്തുകൊണ്ട് സിയാലിനെ കൺസൾട്ടന്റാക്കിയില്ലെന്നും രമേശ് ചെന്നിത്തല ആരാഞ്ഞു.

ഈ ടെൻഡർ നടപടികൾ പുരോഗമിക്കുന്ന സമയത്ത് ഗുജറാത്തുകാരനും ഗുജറാത്ത് കേഡറിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡിസിയുടെ എംഡിയാക്കി കൊണ്ടുവന്നു. ഞാൻ മനസിലാക്കുന്നത് ഈ ലേലത്തിന്റെ സമയത്ത് ഇദ്ദേഹമായിരുന്നു എംഡി. ലേലം കഴിഞ്ഞതോടെ അദ്ദേഹത്തെ ആ ചുമതലയിൽ നിന്ന് മാറ്റി. ഇത് യാദൃച്ഛികമല്ല. അദാനിയുടെ താത്പര്യം സംരക്ഷിക്കാനല്ലേ ഇത്. നമ്മൾ ഉറപ്പിച്ച ലേലത്തുക മനസിലാക്കിയാണ് അദാനി ഉയർന്ന തുക ലേലത്തിൽ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്.നിലവിൽ അന്ന് ചുമതലയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയുള്ള സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. ഇത് വലിയ ഉഡായിപ്പായിട്ടാണ് ഉയർന്നു വരുന്നതെന്നും ഈ സർക്കാറിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഇരയോടൊപ്പം നിന്നിട്ട് വേട്ടക്കാരനൊപ്പം ഇരുട്ടിന്റെ മറവിൽ വേട്ട നടത്തുന്ന ഈ സർക്കാറിനൊപ്പം പ്രതിപക്ഷം ഉണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.