ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. BJP നേതൃത്വത്തിനും അണികൾക്കും കനത്ത ഞെട്ടൽ
"ഞാൻ 30 9 2026-ൽ ശ്രീ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്ത് നിന്ന് സ്വകാര്യകാരണങ്ങൾ കൊണ്ട് രാജിവെക്കുന്നതായി അറിയിച്ച കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു
തിരുവനന്തപുരം |സംസ്ഥാനത്തെ BJP നേതൃത്വത്തിനും അണികൾക്കും കനത്ത ഞെട്ടൽ സമ്മാനിച്ചുകൊണ്ട് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജി വെച്ചു. മേയർ വി.വി. രാജേഷിന് ശ്രീലേഖ രാജിക്കത്ത് കൈമാറി. രാജി അറിയിച്ച് ശ്രീലേഖ അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം പങ്കുവച്ചിട്ടുണ്ട്
‘”ഞാൻ 30 9 2026-ൽ ശ്രീ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്ത് നിന്ന് സ്വകാര്യകാരണങ്ങൾ കൊണ്ട് രാജിവെക്കുന്നതായി അറിയിച്ച കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു”-എന്നാണ് ശ്രീലേഖയുടെ വാക്കുകൾ.
ശാസ്തമംഗലം വാർഡിൽ നിന്നും ജയിച്ച ശ്രീലേഖയെ മേയർ ആക്കണമെന്ന് ബിജെപിയിലെ പ്രമുഖ വിഭാഗം താല്പര്യമെടുത്തിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ മൂലം അത് നടന്നില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം ഉൾപ്പെടുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും മൂന്നാമതായി. മേയർ സ്ഥാനം കിട്ടാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്ന ശ്രീലേഖയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി കനത്ത ആഘാതമായിരുന്നു.
ആർ ശ്രീലേഖയുടെ രാജി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേയർ സ്ഥാനാർഥിയാക്കി തന്നെ ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിൽ അടക്കം ശ്രീലേഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കോൺസിലറുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പല കാര്യങ്ങൾക്കും തൊട്ടടുത്ത വാർഡിലെ കൗൺസിലറായ തന്നെയാണ് പലരും വിളിക്കുന്നതെന്നും കവടിയാർ വാർഡ് കൗൺസിലർ കെ എസ് ശബരിനാഥൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. പാർട്ടിയ്ക്കകത്തെ ആഭ്യന്തരവിഷയങ്ങളാകാം രാജി വെക്കാനിടയായ കാരണം അതിൽ കൂടുതൽ പ്രതികരണം നടത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർ ശ്രീലേഖയുടെ രാജി ജനങ്ങളുടെ വിശ്വാസത്തിനേറ്റ ഇടിവാണ്. വലിയ ഭൂരിപക്ഷത്തോടെയും പ്രതീക്ഷയോടെയുമാണ് ആർ ശ്രീലേഖയെ ജനങ്ങൾ വിജയിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം ബിജെപിയിൽ വലയ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.
അതേസമയം, ശ്രീലേഖയുടെ രാജി ദേശീയ വനിതാ കമ്മീഷൻ അംഗമായി പരിഗണിക്കാത്തതിനാൽ ആണെന്നാണ് വിവരം. നിവേദിത സുബ്രഹ്മണ്യത്തെ വനിതാ കമ്മീഷൻ അംഗമായി തീരുമാനിച്ചിരുന്നു. പ്രധാന പദവി ബിജെപി വാഗ്ദാനം ചെയ്തിരുന്നു. നേതാക്കൾ വാക്കു പാലിക്കാത്തതിനാൽ പ്രതിഷേധ രാജി എന്നും വിവരമുണ്ട്.