കുറുവ മോഷണ സംഘം കോഴിക്കോട് മുന്ന് പേർ പോലീസ് പിടിയിൽ

മതിയായ കാരണമില്ലാതെ രാത്രി 12 മണിക്ക് ശേഷം നഗരത്തില്‍ കറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സംശയം തോന്നിയാൽ ഫോട്ടോ എടുത്ത് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോക്ക് കൈമാറും

0

കോഴിക്കോട് :തമിഴ് നാട്ടിലെ കുപ്രസിദ്ധ കുറുവ മോഷണ സംഘം കോഴിക്കോടെത്തിയതായി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ പൊലീസ്. കുറുവ സംഘത്തിൽ പെട്ട മൂന്ന് പേരെ പാലക്കാട് പൊലീസ് പിടികൂടിയതോടെയാണ് ഇവർ കോഴിക്കോടും മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയത്. അന്നശേരി കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തതെന്നും പൊലീസിന് വിവരം ലഭിച്ചു. പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്ത കുറുവസംഘത്തിലെ മൂന്ന് പേർക്ക് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണത്തിലും പങ്കുള്ളതായാണ് ലഭിച്ച വിവരം.

വീടുകളില്‍ അതിക്രമിച്ച് കടന്ന് മോഷണം നടത്തുന്നതാണ് കുറുവ മോഷണ സംഘത്തിന്റെ രീതി. ഇവരുടെ സാന്നിധ്യം കോഴിക്കോടുണ്ടെന്ന് ഉറപ്പിച്ചതോടെ നഗര പരിധിയില്‍ പരിശോധന കര്‍ശനമാക്കുകയാണ് പൊലീസ്. മതിയായ കാരണമില്ലാതെ രാത്രി 12 മണിക്ക് ശേഷം നഗരത്തില്‍ കറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സംശയം തോന്നിയാൽ ഫോട്ടോ എടുത്ത് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോക്ക് കൈമാറും. വ്യാപാരികളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും സഹായത്തോടെ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. പാലക്കാട് അറസ്റ്റ് ചെയ്ത മൂന്ന് പേരെ എലത്തൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.

അതേസമയം രാത്രി നഗരത്തിൽ മതിയായ കാരണമില്ലാതെ കറങ്ങിനടന്നാൽ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എലത്തൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കുറുവ സംഘം മോഷണം നടത്തിയതായി പൊലീസിനു പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണസംഘത്തെ പിടികൂടുകയും ചെയ്തു. എന്നാൽ, ഇവർക്കു പുറമെ വേറെയും സംഘം നഗരപരിധിയിലെത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.

സാധാരണ മോഷ്ടാക്കളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ അപകടകാരികളാണ് കുറുവ സംഘം. വീടുകളുടെ വാതിൽ അടിച്ചുപൊളിച്ചാണ് സംഘം അകത്തുകടക്കുക. വീട്ടിനകത്ത് ആളുണ്ടെങ്കിൽ ആയുധങ്ങൾ കൊണ്ട് അക്രമിക്കുകയും ചെയ്യും. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് ആവശ്യപ്പെട്ടു. കോടാലി, തൂമ്പ പോലുള്ളവ രാത്രിസമയങ്ങളിൽ പുറത്തുവയ്ക്കരുത്. അസമയത്ത് സംശയാസ്പദമായ നിലയിലുള്ള എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പൊലീസ് കൺട്രോൾ റൂമിലെ 04952721697 എന്ന നമ്പറിൽ ബന്ധപ്പെടണം

You might also like

-