സിപിഎം-എസ്‌ഡിപിഐ ഡീൽ ക്ഷുപിതനായി പിണറായി വിജയൻ
മാധ്യമങ്ങൾ പ്രത്യേക അജണ്ടയുമായാണ് വന്നിരിക്കുന്നത്. അത് മാറ്റിവെക്കണമെന്നും എസ്ഡിപിഐയെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം| സിപിഎം-എസ്‌ഡിപിഐ ഡീൽ ആരോപണത്തിൽ ക്ഷുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.ചോദ്യങ്ങളിൽ അക്ഷമനായ മുഖ്യമന്ത്രി മാധ്യമങ്ങളെ പഴിക്കുകയും എസ്ഡിപിഐക്കാരോട് പോയി ചോദിക്കാനും പറഞ്ഞു. വർഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത് എന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയാണ് എന്നും കുറ്റപ്പെടുത്തി. ഡീൽ ആരോപണം നുണയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫിന് ഇങ്ങനെയൊക്കെ പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി തിരൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വർഗീയതോട് വിരുദ്ധ നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തുടർഭരണം വന്നതിന് ശേഷം സംസ്ഥാനത്തെ എല്ലാ രംഗങ്ങളിലും പുരോഗതി കൈവരിച്ചിട്ടുവെന്നും അവകാശപ്പെട്ടു. തൻ്റെ പെരുമാറ്റം ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ പ്രയോഗവും ജനകീയ പ്രതിബദ്ധതയും ഒത്തുചേർന്നാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരണം, ആരോഗ്യ മേഖലയിലുണ്ടായ വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനം എന്നിവയാണ് സർക്കാരിന്റെ പ്രധാന നേട്ടങ്ങളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുടെ സ്വപ്നങ്ങൾക്കും നാടിന്റെ വളർച്ചയ്ക്കും അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടുത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് സർക്കാർ ശക്തമായ പിന്തുണയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി വിരുദ്ധ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രവാസികളെ ക്ഷേമ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2009-ൽ പ്രവാസി ക്ഷേമ ബോർഡ് രൂപീകരിച്ചതും ഈ രംഗത്തെ പ്രധാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ പവിത്രമാക്കുകയാണ് മാധ്യമങ്ങൾക്ക് വേണ്ടത്. നാട്ടുകാർ ഇത് വിശ്വസിക്കില്ല. മാധ്യമങ്ങൾ പ്രത്യേക അജണ്ടയുമായാണ് വന്നിരിക്കുന്നത്. അത് മാറ്റിവെക്കണമെന്നും എസ്ഡിപിഐയെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊതുവേദിയിലെ പെരുമാറ്റത്തെ കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. തന്റെ പെരുമാറ്റം ശരിയാണോ അല്ലയോ എന്നത് മാധ്യമങ്ങൾ വിലയിരുത്തിയാൽ മതി. പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുനടക്കേണ്ട കാര്യം എനിക്കില്ല. താൻ ഇന്നലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.