സംസ്ഥാനത്ത് കനത്ത മഴ തുടരും. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴ തുടരും. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 12 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരണം.

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ
സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ രാത്രി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാലു പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. മലപ്പുറത്ത് രണ്ട് കുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപെട്ട് മൂന്ന് വയസുകാരൻ അബ്ദുൽ മുഹൈനി, കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസ്സുകാരൻ ആദം അയ്മൻ എന്നിവരാണ് മരിച്ചത്. ഇടുക്കി കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വയനാട്ടിൽ പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പു ചെയ്യാൻ ശ്രമിക്കവേ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയിൽ ഇന്നലെ വള്ളം മറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. ഇന്ന് കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.

You might also like

-