കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് ഫീസ് വർധിപ്പിക്കും . വസ്തു നികുതിയും പരിഷ്‌കരിക്കും

300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭ്യമാക്കും. ഓൺലൈൻ വഴി സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ നൽകിയാലും പെർമിറ്റ് ലഭ്യമാകും. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യം തീരുമാനം നടപ്പിലാവുക

0

തിരുവനന്തപുരം | സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രഖ്യാപനങ്ങൾ നടത്തി മന്ത്രി എം.ബി രാജേഷ്. നഗരങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചാൽ ഉടനടി പെർമിറ്റ് ലഭ്യമാകും. പെർമിറ്റ് ഫീസ് വർധിപ്പിക്കാനും തീരുമാനം. വസ്തു നികുതിയും പരിഷ്‌കരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് ഏർപ്പെടുത്താനും തീരുമാനമായി.വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യം. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാൻ കഴിയും. അഴിമതിയും ഇല്ലാതാക്കാമെന്നും മന്ത്രി പറഞ്ഞു.കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാൻ തയാറാക്കുകയും സുപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന ലൈസൻസി/ എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് കിട്ടാൻ കാലതാമസം ഉണ്ടെന്ന് പരാതിയെ തുടർന്നാണ് പുതിയ പരിഷ്‌കാരം. 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭ്യമാക്കും. ഓൺലൈൻ വഴി സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ നൽകിയാലും പെർമിറ്റ് ലഭ്യമാകും. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യം തീരുമാനം നടപ്പിലാവുക .

ബിൽഡിംഗ് പെർമിറ്റ് ഫീസിൽ വർധനയുണ്ടാവും. നിരക്ക് പിന്നീട് നിശ്ചയിക്കും. കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തു നികുതി അഞ്ചു ശതമാനം വർദ്ധിപ്പിക്കാനും തീരുമാനമായി. അതേസമയം സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്രമീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് വസ്തു നികുതി ഒഴിവാക്കി. തദ്ദേശസ്ഥാപനങ്ങൾക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ റേറ്റിംഗ് നടപ്പിലാക്കാനും തീരുമാനമായി. പരാതിപരിഹാരത്തിനായി സ്ഥിരം അദാലത്തുകളും രൂപീകരിക്കും. മാലിന്യ സംസ്‌കരണ രംഗത്ത് ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഉൾപ്പെടെ സ്ഥാപിച്ച് ഇടപെടാനാണ് സർക്കാർ തീരുമാനം. പുതിയ തീരുമാനങ്ങൾ ഏപ്രിൽ ഒന്നു മുതൽ നടപ്പിലാവും.

തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്‌മൂലം അപേക്ഷയിൽ നൽകണം. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

ഏപ്രിൽ ഒന്നുമുതൽ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി 5% വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎൽ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്ക്കേണ്ടതില്ല. ഈ ഇളവ് ഫ്ലാറ്റുകള്‍ക്ക് ബാധകമല്ല

You might also like

-